പുന്നംപറമ്പ് : പീച്ചി വാഴാനി ടൂറിസം കോറിഡോർ നിർമ്മാണത്തിന്റെ ഭാഗമായി പുന്നംപറമ്പ് സെന്ററിലെ കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും പൊളിച്ചു നീക്കുന്നതിനെതിരെ പ്രതിഷേധം. കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന വാർത്ത കഴിഞ്ഞ ദിവസം കേരള കൗമുദി പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ബി.ജെ.പിയുടെ കീഴിലുള്ള ഭാരതീയ വ്യവസായ സംഘം രംഗത്തെത്തി. വികസനത്തിന്റെ പേരിൽ കെട്ടിടം പൊളിച്ചു മാറ്റുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് തെക്കുംകര പഞ്ചായത്ത് സമിതി അറിയിച്ചു. കരുമത്ര ആരോഗ്യ മാതദേവാലയം മുതൽ പൊങ്ങണംകാട് വനം വകുപ്പ് കെട്ടിടം വരെയുള്ള ഭാഗങ്ങളിലാണ് റോഡ് വികസനം. എന്നാൽ പുന്നംപറമ്പിൽ കെട്ടിടം പൊളിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. തെക്കുംകര പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് കെട്ടിടം പൊളിക്കുന്നത്. കാലങ്ങളായി പുന്നംപറമ്പിൽ കച്ചവടം നടത്തുന്ന വ്യാപാരികൾ തെരുവിലേക്ക് ഇറങ്ങേണ്ട സാഹചര്യമാണെന്നും സമിതി ആരോപിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.എസ്.ശ്രീജേഷ്, ലത രാജീവ്, എൻ.എൻ.അനിൽ, കെ.ആർ.രാജീവൻ എന്നിവർ സംസാരിച്ചു.