
തൃശൂർ: ശക്തൻ സ്റ്റാൻഡിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ, സ്വകാര്യബസ് മിന്നൽ പണിമുടക്കിലായതോടെ, യാത്രക്കാർ പെരുവഴിയിൽ. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് സ്വകാര്യ ബസുകൾ പണിമുടക്കിയത്.
തൃപ്രയാർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, മാള, കാട്ടൂർ റൂട്ടിലോടുന്ന ബസുകളാണ് സർവീസ് നിറുത്തിയത്. സ്റ്റാൻഡിന്റെ തെക്കുവശത്ത് നിർമ്മാണപ്രവർത്തനം നടക്കുന്നതിനാൽ തെക്കുപടിഞ്ഞാറെ ഭാഗത്തെ റോഡിൽ നിന്നാണ് ഈ ബസ് പുറപ്പെടുന്നത്. അവിടെനിന്നും ശക്തൻ പ്രതിമയ്ക്ക് സമീപത്തുകൂടെ ആകാശപ്പാതയ്ക്കടിയിലൂടെ വന്ന് റൗണ്ട് എബൗട്ട് ചുറ്റി വീണ്ടും ശക്തൻ പ്രതിമയ്ക്ക് അരികിലെത്തിയാണ് കണ്ണംകുളങ്ങര വഴി സർവീസ് നടത്തുന്നത്.
ഗതാഗതക്കുരുക്കും ചുറ്റലും മൂലം 15 മിനിറ്റോളം ശക്തന്റെ ഭാഗത്ത് തന്നെ തിരിഞ്ഞുവേണം സർവീസ് നടത്താൻ. സമയം വൈകുന്നതിനാൽ ബസുകൾക്ക് ഓടിയെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് വേറെ വഴിയില്ലാതെ സർവീസ് നിറുത്തിവയ്‌ക്കേണ്ടി വന്നതെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ചുറ്റി വളയാതെ ശക്തൻ പ്രതിമയെ വലംവച്ച് കണ്ണംകുളങ്ങരയിലേക്ക് പ്രവേശിക്കാൻ അനുവദിക്കണമെന്നാണ് ബസുകാരുടെ ആവശ്യം. മാത്രമല്ല സ്റ്റാൻഡിന്റെ വടക്കുഭാഗത്ത് കോഴിക്കോട്, കുന്നംകുളം ബസുകൾ നിറുത്തുന്നതിന് എതിർവശത്ത് ട്രാക്ക് അനുവദിക്കണമെന്നും സംയുക്ത ബസ് തൊഴിലാളി നേതാവ് സെബി വർഗീസ് ആവശ്യപ്പെട്ടു.
രാവിലെ ഓഫീസിലും സ്‌കൂളുകളിലുമൊക്കെയെത്തി തിരിച്ച് വീട്ടിൽ പോകാൻ വൈകിട്ട് സ്റ്റാൻഡിലെത്തിയപ്പോഴാണ് പലരും സർവീസില്ലെന്ന കാര്യം അറിഞ്ഞത്. ഈ റൂട്ടിൽ വേണ്ടത്ര കെ.എസ്.ആർ.ടി.സി ബസ് ഇല്ലാത്തതിനാൽ നഗരത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് വീട്ടിലെത്താൻ ഏറെ കഷ്ടപ്പെടേണ്ടി വന്നു. ഏറെ വൈകിയാണ് പലരും വീട്ടിലേക്ക് പുറപ്പെട്ടത്. വിദ്യാർത്ഥികളിൽ പലരും വീട്ടുകാരെ വിളിച്ചുവരുത്തിയാണ് പോയത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ഇന്നും സമരം തുടരാനാണ് ജീവനക്കാരുടെ തീരുമാനം.
ബസുടമകളോട് ആലോചിച്ചിട്ടല്ല മിന്നൽ സമരം ആരംഭിച്ചത്. ഗതാഗതക്കുരുക്ക് മൂലം സർവീസ് നടത്താൻ സാധിക്കാത്ത സ്ഥിതിയിലാണ് തൊഴിലാളികൾ സമരത്തിനിറങ്ങിയതെന്നാണ് അറിയിച്ചത്. ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ല.
എം.എസ്.പ്രേംകുമാർ
ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ.