news-photo-

ഗുരുവായൂർ: ശബരിമല തീർത്ഥാടകർക്ക് വിരിവെക്കാൻ തയ്യാറാക്കിയ പന്തൽ കാറ്റിൽ തകർന്നുവീണു. ക്ഷേത്ര തിരുമുറ്റത്ത് തീർത്ഥക്കുളത്തിന്റെ കിഴക്കുഭാഗത്താണ് താത്കാലിക പന്തൽ തയ്യാറാക്കിയിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് പന്തൽ തകർന്നത്. പന്തലിന്റെ വടക്കുഭാഗത്ത് നിന്നും പന്തൽ ചെരിയാൻ തുടങ്ങിയതോടെ പന്തലിൽ വിരി വെച്ചിരുന്ന അയ്യപ്പൻമാർ പുറത്തേക്ക് ഓടിമാറിയതിനാൽ ആർക്കും പരിക്കേറ്റില്ല. കവുങ്ങും മുളയും ടാർപോളിനും ഉപയോഗിച്ചാണ് പന്തൽ നിർമ്മിച്ചിരുന്നത്. കവുങ്ങ് കുഴിച്ചിടാതെ ടൈൽ വിരിച്ചതിന് മുകളിൽ കുത്തി നിറുത്തിയാണ് പന്തൽ നിർമ്മിച്ചിരുന്നത്. പന്തൽ തകർന്നതോടെ ഇന്നലെ പന്തൽ പുതുക്കി നിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ട്.