കയ്പമംഗലം : കാളമുറി സെന്ററിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് വീതി കൂട്ടി പുതിയ കാന നിർമ്മിക്കും. ദേശീയപാത നിർമ്മാണക്കമ്പനി ശിവാലയ കൺസ്ട്രക്ഷൻസുമായി ഇ.ടി. ടൈസൺ എം.എൽ.എ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതോടെ കാളമുറി സെന്ററിലെ വെള്ളക്കെട്ട് ഒഴിയും. ദേശീയപാത 66 ലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കാളമുറി സെന്ററിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. കാളമുറി സെന്ററിന് കിഴക്ക് ഭാഗത്ത് നിന്നും വടക്കുഭാഗത്തുനിന്നും ഒഴുകിയെത്തിയിരുന്ന വെള്ളം കാളമുറി സെന്ററിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പോകാൻ ഒരുക്കിയ കാനയ്ക്ക് വേണ്ടത്ര വീതി ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമാക്കിയത്. വിഷയം കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവിയുടെ നേതൃത്വത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പോൾസൺ, വാർഡ് മെമ്പർ ഷാജഹാൻ, പൊതുപ്രവർത്തകരായ ബി.എസ്. ശക്തീധരൻ, സജീവൻ തുടങ്ങിയവർ എം.എൽ.എയുടെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു. ഇതേത്തുടർന്നാണ് ദേശീയപാത നിർമ്മാണക്കമ്പനി ശിവാലയുടെ ഉന്നത അധികാരികളുമായി എം.എൽ.എ ചർച്ച നടത്തിയത്. ഇതോടെ ഒരു മഴ പെയ്താൽ രൂപപ്പെടുന്ന കാളമുറി സെന്ററിലെ വെള്ളക്കെട്ട് ഇനി ഇല്ലാതാകും.
ജനപ്രതിനിധികളുടെ കൃത്യസമയത്തുള്ള ഇടപെടലാണ് ആർക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ പ്രശ്‌നം പരിഹരിക്കാൻ സഹായിച്ചത്.
- ഇ.ടി. ടൈസൺ (എം.എൽ.എ)