1

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ നിർമ്മാണപ്രവർത്തനം പൂർത്തീകരിക്കുന്ന ഘട്ടത്തിൽ പാർക്കിന്റെ എല്ലാവിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകേണ്ടുന്ന ഡയറക്ടർ പദവിയിൽ മുഴുവൻ സമയ ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന ആവശ്യമുയരുന്നു. ചെമ്പൂക്കാവിലെ മൃഗശാലയിൽ നിന്ന് കൂടുതൽ പക്ഷിമൃഗാദികളെ കൊണ്ടുവരുന്ന ഘട്ടത്തിൽ അടിയന്തരമായി സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും കുറവുകൾ ഈ ഘട്ടത്തിൽ പരിഹരിക്കണമെന്നും ഫ്രണ്ട്‌സ് ഒഫ് സൂ ആവശ്യപ്പെട്ടു.
പക്ഷിമൃഗാദികളെ പുത്തൂരിലേക്ക് കൊണ്ടുവരുമ്പോൾ ചുരുങ്ങിയത് 50 മൃഗപാലകർ വേണം. നിലവിൽ 15 പേരാണുള്ളത്. 40 പേരെയെങ്കിലും തെരഞ്ഞെടുത്ത് മറ്റ് മൃഗശാലകളിലും ഇവിടെയുമായി പരിശീലനം നൽകണം. മൃഗപാലകർക്ക് ചുമതല നൽകുമ്പോൾ ചുരുങ്ങിയത് രണ്ട് പേരെങ്കിലും ഉള്ള ഗ്രൂപ്പുകളായി തിരിച്ച് ചുമതല നൽകണം. രാത്രികാലങ്ങളിൽ ഒരു കാരണവശാലും ഒരാൾക്ക് മാത്രമായി എവിടെയും ചുമതല നൽകരുതെന്നുമാണ് നിർദ്ദേശം.

ജീവശാസ്ത്രജ്ഞനും വേണം

ജീവികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ നിരീക്ഷണം നടത്തി നിർദ്ദേശം നൽകാൻ പ്രാപ്തനായ യോഗ്യതയും അനുഭവ പരിചയവും ഉള്ള ജീവശാസ്ത്രജ്ഞനെ നിയോഗിക്കണമെന്നും നിർദ്ദേശിക്കുന്നു. ജീവികളെ പുതിയ സ്ഥലത്തേക്ക് കൊണ്ടുവരുന്ന ഈ ഘട്ടത്തിൽ അവയുടെ മനോനില, സ്വഭാവം, ഭക്ഷണകാര്യങ്ങൾ എന്നിവ സംബന്ധിച്ച് മൃഗശാലകളിൽ മുൻകാല പ്രവർത്തന പരിചയവും ആവശ്യമായ യോഗ്യതയുമുള്ള വ്യക്തികൾ ക്യുറേറ്റർ, അസിസ്റ്റന്റ് ക്യുറേറ്റർ തസ്തികകളിൽ ഉണ്ടായിരിക്കണം.

ഇൻഷ്വറൻസ് ഉൾപ്പെടെ വേണം

ജീവനക്കാർക്ക് കുടിവെള്ളം, ശുചിമുറി സംവിധാനങ്ങൾ ഉറപ്പുവരുത്തണം.
രാത്രികാല യാത്രാസൗകര്യം ഉറപ്പുവരുത്തണം
മൃഗപാലക പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ആരോഗ്യ സുരക്ഷാ ഇൻഷ്വറൻസ് സംവിധാനം ഏർപ്പെടുത്തണം.
പാർക്കിന്റെ പ്രധാന സ്ഥലങ്ങളിലെല്ലാം സി.സി.ടി.വി നിരീക്ഷണവും വെളിച്ചവും ഉറപ്പുവരുത്തണം.
പുത്തൂരിലേക്ക് പക്ഷിമൃഗാദികളെ കൊണ്ടുവരുമ്പോൾ കേന്ദ്ര മൃഗശാല അതോറിറ്റി നിർദ്ദേശിക്കുന്ന സ്ഥലസൗകര്യം ഉദ്യോഗസ്ഥർ ഉറപ്പുവരുത്തി സാക്ഷ്യപത്രം നൽകണം.
മൃഗശാല വിദ്യാഭ്യാസത്തിന് വിദ്യാഭ്യാസത്തിനും ഗവേഷണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകാൻ മൃഗശാല എഡ്യുക്കേഷൻ ഓഫീസറെ നിയമിക്കണം.

സുവോളജിക്കൽ പാർക്കിൽ ഇതുവരെ തയ്യാറാക്കിയിരിക്കുന്ന ആവാസ പഠന സൗകര്യങ്ങളുടെ വീഡിയോ ക്ലിപ്പിംഗുകൾ, ഫോട്ടോകൾ എന്നിവ പാർക്കിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയ ഓസ്‌ട്രേലിയൻ സൂ ഡിസൈനർ ജോൺ കോ വിന് അയച്ച് പ്രതികരണം ആരായുകയും വേണം.

എം.പീതാംബരൻ മാസ്റ്റർ
സെക്രട്ടറി, ഫ്രണ്ട്‌സ് ഒഫ് സൂ.