വടക്കാഞ്ചേരി: നഗരങ്ങളിൽ ശുദ്ധവായു ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ വനം വകുപ്പ് ഒരുക്കിയ വടക്കാഞ്ചേരി ഓട്ടുപാറയിലെ നഗരവനം ഇഴജന്തുക്കളുടെ താവളമാകുന്നു. പൊതു ജനപങ്കാളിത്തത്തോടെ നഗരകേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ നഗര വനം പദ്ധതിയാണ് പരിപാലിക്കാതെ അനാഥമായി കിടക്കുന്നത്. മരങ്ങളെല്ലാം വളർന്ന് വലുതായി. ഓട്ടുപാറ പട്ടണത്തിൽ കുന്നുംകുളം റോഡിന്റെ തുടക്കത്തിൽ ചെക്ക് പോസ്റ്റായി പ്രവർത്തിച്ചിരുന്ന സ്ഥലമാണ് വനമായി മാറ്റിയത്. നഗരസഭ ഈ സ്ഥലം തങ്ങൾക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് മുൻ മന്ത്രി അഡ്വ: കെ.രാജുവിന് നിവേദനം നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. പകൽ സമയത്ത് പോലും വിഷ പാമ്പുകളും ഉടുമ്പുകളും വിഹാരിക്കുകയാണെന്ന് നാട്ടുകാർ പറുയന്നു.
ഓട്ടുപാറയിലെ നഗരവനം പദ്ധതി പ്രകൃതി സംരക്ഷണത്തിന്റെ ഉത്തമമാതൃകയാണെങ്കിലും വിഷജന്തുക്കളുടെ വിഹാരം ജനങ്ങൾക്ക് ആശങ്കയാണ് നൽകുന്നത്. അടിക്കാടുകൾ വെട്ടി മാറ്റി ജനങ്ങൾക്ക് സായാഹ്നങ്ങളിൽ വിശ്രമിക്കാനുള്ള കേന്ദ്രമാക്കി നഗര വനത്തെ മാറ്റണം.
നാസർ മങ്കര (പൊതു പ്രവർത്തകൻ )
ലക്ഷ്യം ശുദ്ധവായു
നഗർവൻ ഉദ്യാൻ യോജന പദ്ധതി പ്രകാരമാണ് രാജ്യത്ത് നഗര വന നിർമ്മാണം. വനങ്ങൾ സ്ഥാപിച്ച് കഴിഞ്ഞാൽ തുടർന്നുള്ള പരിപാലന ചുമതല സംസ്ഥാന സർക്കാരിനാണ്. വനം സന്ദർശിക്കാനെത്തുന്നവരിൽ നിന്ന് ഫീസും ഈടാക്കാം. ഈ പണം വനത്തിന്റെ സംരക്ഷണത്തിന് വേണ്ടി ചെലവഴിക്കണമെന്നാണ് ചട്ടം. 2020ലാണ് ഓട്ടുപാറയിൽ നഗരവനം പദ്ധതി ആരംഭിച്ചത്. അഞ്ച് വർഷം കൊണ്ട് 200 നഗര വനങ്ങൾ സൃഷ്ടിച്ച് നഗരങ്ങളിൽ ശുദ്ധവായു ഉറപ്പ് വരുത്തുകയായിരുന്നു പദ്ധതി ലക്ഷ്യം.