1

തൃശൂർ: സൈബർ തട്ടിപ്പുകാരെ കുടുക്കാൻ പൊലീസ് പല വഴികളും നോക്കുമ്പോൾ വാട്‌സ് ആപ്പിൽ വാഹന ഗതാഗത ലംഘനത്തിന്റെ പേരിൽ ചലാൻ അയച്ചും തട്ടിപ്പ്. നിരവധി പേരുടെ പണം നഷ്ടപ്പെട്ടതായി സൈബർ പൊലീസിൽ പരാതി. ഇത്തരം പരാതികൾ ലഭിച്ചതോടെയാണ് ഇങ്ങനെയും തട്ടിപ്പ് തുടങ്ങിയിട്ടുണ്ടെന്ന വിവരം പൊലീസിനും ലഭിക്കുന്നത്.

ട്രാഫിക് ലംഘനം നടത്തിയെന്ന പേരിലാണ് മിക്കവർക്കും വാട്‌സ് ആപ്പിൽ ചലാൻ ലഭിക്കുന്നത്. നേരത്തെ സി.ബി.ഐ ചമഞ്ഞ് ഫോണിലൂടെ അറസ്റ്റ് ചെയ്തായിരുന്നു ലക്ഷങ്ങൾ തട്ടിയത്. ഇപ്പോൾ സാധാരണക്കാരെയും ഓട്ടോ തൊഴിലാളികളെയും വാഹനങ്ങൾ ഓടിക്കുന്ന വനിതകളെയുമൊക്കെയാണ് ഇരയാക്കുന്നത്. കോളേജ് അദ്ധ്യാപകരടക്കമുള്ളവരും തട്ടിപ്പിനിരയായി.

അമിതവേഗത്തിൽ വാഹനമോടിച്ചതിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയിട്ടുണ്ടെന്നും താഴെയുള്ള ലിങ്കിൽ കയറി പണമടയ്ക്കണമെന്നുമാണ് നിർദ്ദേശം. താങ്കളുടെ വാഹനം അമിത വേഗത്തിൽ പോയതിന്റെ തെളിവുകളുണ്ടെന്ന് സൂചിപ്പിച്ച്, ചലാൻ നമ്പറും അമിത വേഗത്തിൽ പോയ ദിവസവും വാഹന നമ്പറും അടക്കമുള്ള ചലാനാണ് വാട്‌സ് ആപ്പ് വഴി ലഭിച്ചത്. തെളിവ് കാണാനായി വാഹൻ പരിവാഹൻ മൊബൈൽ അപ്ലിക്കേഷനിൽ കയറി നോക്കാമെന്ന് പറഞ്ഞ് ഒരു ലിങ്കും അയക്കും. അതിലൂടെയാണ് തട്ടിപ്പ് അരങ്ങേറുന്നത്. നിങ്ങളുടെ വാഹനത്തിന്റെ ഫോട്ടോയും അതിലുണ്ടെന്ന് പറയുന്നു. ഈ ലിങ്കിൽ കയറുന്നവർ ബാങ്ക് അക്കൗണ്ട് നമ്പറടക്കം ചോദിക്കുന്ന വിവരങ്ങളൊക്കെ നൽകുന്നതോടെ ബാങ്കിലുള്ള പണം തട്ടിയെടുക്കുകയാണ് ചെയ്യുന്നതെന്ന് സൈബർ പൊലീസ് പറഞ്ഞു. അതിവിദഗ്ദ്ധമായാണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്. പലരും വാട്‌സ് ആപ്പിലൂടെ ലഭിക്കുന്ന ചലാൻ സത്യമാണെന്ന് കരുതി ലിങ്കിൽ കയറി പിഴയടയ്ക്കാൻ നോക്കുമ്പോഴാണ് ആയിരക്കണക്കിന് രൂപ നഷ്ടമായത് ബോദ്ധ്യപ്പെട്ടത്.

മണ്ണുത്തി സ്വദേശിയായ നഗരത്തിൽ ടാക്‌സി കാർ ഓടിക്കുന്ന ഒരാളുടെ 70,000 രൂപ വരെ നഷ്ടപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. അക്കൗണ്ടിൽ കൂടുതൽ തുക ഇല്ലാത്തതിനാലാണ് പണം കൂടുതൽ നഷ്ടപ്പെടാതിരുന്നത്. മറ്റ് പലരുടെയും പതിനായിരവും ഇരുപതിനായിരവുമൊക്കെ നഷ്ടപ്പെട്ടു. പണം തട്ടിപ്പിലൂടെയാണ് നഷ്ടപ്പെട്ടതെന്ന് ബോദ്ധ്യമായതോടെയാണ് സൈബർ പൊലീസിനെ സമീപിച്ചത്. പക്ഷേ എല്ലാം നഷ്ടപ്പെട്ട ശേഷം വൈകിയെത്തി പരാതി പറഞ്ഞാൽ പണം തിരികെ പിടിക്കാൻ പ്രയാസമാണെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പ് ആണെന്ന് ബോദ്ധ്യപ്പെട്ടാൽ ഉടൻ വിളിക്കുക 1930.