
തൃശൂർ : ചേലക്കരയിലെ വിധിയെഴുത്തിന്റെ ചിത്രം തെളിയാൻ ഇനി മൂന്ന് ദിനം. നാലാം നാൾ രാവിലെ ചേലക്കര മനസ് തുറക്കും. ആരായിരിക്കും ചേലക്കരയുടെ മനസിലിടം നേടുക. വോട്ടെണ്ണൽ ദിനം അടുക്കും തോറും മുന്നണികളുടെ നെഞ്ചിടിപ്പേറുകയാണ്. ആര് ജയിച്ചാലും തോൽക്കുന്നവർ ഏറെ ആരോപണങ്ങൾ കേൾക്കണം. മൂന്ന് മുന്നണികളും വിജയാവകാശം ഉന്നയിക്കുന്നുണ്ടെങ്കിലും ചങ്കിടിപ്പേറെ. വോട്ട് ചെയ്ത 1,55,077 പേരിൽ സ്ത്രീ വോട്ടർമാരാണ് കൂടുതൽ. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്‌സഭാ മണ്ഡലമുൾപ്പെടെ മൂന്നിടങ്ങളിൽ ചേലക്കര മാത്രമാണ് എൽ.ഡി.എഫിന് പ്രതീക്ഷയുള്ളത്. 1996 മുതൽ മേധാവിത്വമുള്ള മണ്ഡലം കൈവിട്ട് പോകാതിരിക്കാൻ പതിനെട്ടടവും പയറ്റിയുള്ള പ്രചാരണതന്ത്രമാണ് ആവിഷ്‌കരിച്ചത്.
എൽ.ഡി.എഫിന്റെ കാലിടറുമോ ?
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നേരിട്ടായിരുന്നു എൽ.ഡി.എഫ് പ്രവർത്തനങ്ങളുടെ മേൽനോട്ടം. അതിന് പുറമേയാണ് മുഖ്യമന്ത്രി രണ്ട് തവണ മണ്ഡലത്തിലെത്തിയതും ഏഴ് പൊതുയോഗങ്ങളിൽ പ്രസംഗിച്ചതും. മണ്ഡലം കൈവിട്ടു പോയാൽ സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതായി വ്യാഖ്യാനിക്കപ്പെടും. വയനാടും, പാലക്കാടും യു.ഡി.എഫ് നിലനിറുത്തുകയും ചേലക്കര എൽ.ഡി.എഫിന് ലഭിക്കുകയും ചെയ്താൽ പിടിച്ചു നിൽക്കാമെന്ന പ്രതീക്ഷയാണ് സി.പി.എമ്മിന്.
സുവർണാവസരമാകുമോ ?
അതേസമയം ഇത്രയും നല്ല അവസരം ലഭിക്കാനില്ലെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനായിരുന്നു കൂടുതൽ മണ്ഡലത്തിൽ ചെലവഴിച്ചത്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെ മുതിർന്ന നേതാക്കളും രംഗത്തുണ്ടായിരുന്നു. സർക്കാരിനെതിരെയും മുഖ്യമന്ത്രിക്ക് എതിരെയും ശക്തമായ വികാരം നിലനിൽക്കുന്ന അവസരം വിനിയോഗിക്കാനായില്ലെങ്കിൽ ചേലക്കര ഇനി ഒരിക്കലും ലഭിക്കാത്ത സ്ഥിതിയുണ്ടായേക്കും. യു.ഡി.എഫിന്റെ എല്ലാ ഘടകങ്ങളും ഒരുമിച്ച് പ്രവർത്തിപ്പിക്കാൻ സാധിച്ചുവെന്നതാണ് പ്രതീക്ഷ നൽകുന്നത്.
35,000 കടക്കുമോ?
എൻ.ഡി.എയെ സംബന്ധിച്ച് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 28000ൽ ഏറെ വോട്ട് നേടാനായിരുന്നു. ഇത് മറി കടക്കാൻ സാധിച്ചില്ലെങ്കിൽ ക്ഷീണമാകും. നിലവിൽ 35,000 ൽ അധികം വോട്ടു നേടുമെന്നാണ് അവകാശ വാദം. മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികളെ കുറിച്ച് വിമർശനങ്ങളുണ്ടായിരുന്നില്ല എന്നതായിരുന്നു പ്രത്യേകത. സ്ഥാനാർത്ഥിയുടെ മികവാണ് എൽ.ഡി.എഫിന്റെ മികവ്.