കൊടുങ്ങല്ലൂർ : പട്ടികജാതി, പട്ടികവർഗ ഉപവർഗീകരണത്തിനും മേൽത്തട്ട് പരിധിക്കുമെതിരെ ഡിസംബർ 10ന് ലോക മനുഷ്യാവകാശ ദിനത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് മുതൽ രാജഭവൻ വരെ നടക്കുന്ന പ്രതിഷേധ ജനസാഗരത്തിന്റെ ഭാഗമായി കെ.പി.എം.എസ് കൊടുങ്ങല്ലൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ശോഭന ഉദ്ഘാടനം ചെയ്തു. സമരത്തിന്റെ ഭാഗമായി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും രണ്ടായിരം പോസ്റ്റ് കാർഡുകൾ അയയ്ക്കും. ഭവന സന്ദർശനം, വിളംബര ജാഥ , കുടുംബ സംഗമങ്ങൾ തുടങ്ങി വൈവിദ്ധ്യമാർന്ന ക്യാമ്പയിനുകൾ സംഘടിപ്പിക്കും. പ്രതിഷേധ ജനസാഗരത്തിൽ ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് മിഥുൻ പാറശ്ശേരി അദ്ധ്യക്ഷനായി. ഷാജു വാര്യയത്ത്, സി.എ. സത്യൻ, ശ്രീദേവി അനിൽ, സി.എ. സേതു, എ.എസ്. സിജു തുടങ്ങിയവർ സംസാരിച്ചു.