ചേർപ്പ് : പാറളം പഞ്ചായത്തിലെ ആലുക്കൽകുന്നിൽ ഒരു കോടി രൂപയുടെ മുതൽമുടക്കിൽ വികസന പദ്ധതികൾ നടപ്പാക്കും. അംബേദ്കർ ഗ്രാമ വികസന പദ്ധതിപ്രകാരം പട്ടികജാതി കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്ന ആലുക്കൽകുന്ന് പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് പ്രധാനമായും നടപ്പാകുക. വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ അദ്ധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് പോൾ, പട്ടികജാതി വികസന ഓഫീസർ കെ.സി. വാലന്റീന, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, എ.എം. സതീദേവി, ആശ മാത്യു, ഹസീന അക്ബർ, ജെറി ജോസഫ്, കെ. പ്രമോദ്, വിദ്യ നന്ദനൻ, അനിത മണി, സ്മിനു മകേഷ്, സുബിത സുഭാഷ് എന്നിവർ സംസാരിച്ചു.
ലക്ഷ്യം അടിസ്ഥാനസൗകര്യ വികസനം
ആലുക്കൽകുന്ന് പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. വീടുകളുടെ പുനരുദ്ധാരണം, ഡ്രൈനേജ് നിർമ്മാണം, കിണർ നവീകരണം, റോഡ് റീടാറിംഗ്, മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ, അംഗൻവാടി നവീകരണം എന്നീ വികസന പ്രവർത്തനങ്ങളാണ് നടപ്പാകുക.