
തൃശൂർ: ഇരിങ്ങാലക്കുട കൂടൽ മാണിക്യം ദേവസ്വത്തിന് കീഴിലുള്ള പന്ത്രണ്ട് ക്ഷേത്രങ്ങളിലുള്ള സ്ഥലത്ത് അശോകവനം വളരുകയാണ്. രണ്ട് കൊല്ലം മുമ്പ് നട്ട തൈകൾ വളരുമ്പോൾ ദേവസ്വത്തിന് കീഴിൽ ആയുർവേദ മരുന്നു നിർമ്മാണവും തുടങ്ങും. ദേവസ്വത്തിന് കീഴിലുള്ള ആയുർവേദ ആശുപത്രിയിലേക്കുള്ള മരുന്നാണ് നിർമ്മിക്കുക.
ദേവസ്വത്തിന്റെ ആയുർവേദ ഗ്രാമം പദ്ധതി പ്രകാരമാണ് അശോകവനമുണ്ടാക്കുന്നത്.
മറ്റ് ഔഷധ സസ്യങ്ങളായ ആര്യവേപ്പ്, ആൽ എന്നിവയെ അപേക്ഷിച്ച് വേഗം വളരുമെന്നതാണ് അശോകത്തിന്റെ പ്രത്യേകത. അശോകാരിഷ്ടം ഉൾപ്പെടെയുള്ളവ നിർമ്മിക്കാൻ ഇത് ഉപയോഗിക്കാറുണ്ട്. പൂവിനും കായ്ക്കും തോലിനുമുണ്ട് ഔഷധഗുണം. അശോകത്തിന് മറ്റ് സസ്യങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് രോഗം ബാധിക്കുകയോ കേടുവരികയോ ചെയ്യില്ല. മണ്ണിലെ സ്വാഭാവിക ഫലഭൂയിഷ്ഠത കൊണ്ട് വളരും. വള പ്രയോഗവുമാകാം. വനം വകുപ്പിന്റെ സാമൂഹ്യ വനവത്കരണ പദ്ധതി പ്രകാരവും മറ്റത്തൂർ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നുമാണ് ചെടി വാങ്ങിയത്. ലേബർ സൊസൈറ്റിക്ക് ഔഷധി പദ്ധതി പ്രകാരമാണ് വിത്ത് ലഭിച്ചത്. അത് ചെടിയാക്കി സൗജന്യമായി നൽകി. ഇതിനുള്ള തുക സൊസൈറ്റിക്ക് ഔഷധി നൽകി.
തൊലി കിലോയ്ക്ക് 5,000 രൂപ വരെ
പന്ത്രണ്ട് വർഷം കഴിഞ്ഞാൽ തോൽ ചെത്തിയുണക്കിയും പച്ചയായും വിൽക്കാം. ഗുണത്തിനനുസരിച്ച് ഉണങ്ങിയതിന് കിലോയ്ക്ക് അയ്യായിരം രൂപ വരെ കിട്ടും. പച്ചയ്ക്ക് ആയിരത്തിലധികം ലഭിച്ചേക്കും. കൂടൽമാണിക്യം ക്ഷേത്രത്തിലെ സ്ഥലത്ത് മാത്രം ആറായിരത്തോളം ചെടികൾ നട്ടിട്ടുണ്ട്. കീഴേടം ക്ഷേത്രങ്ങളിൽ ഉൾപ്പെടെ ഒമ്പതിനായിരത്തോളമാണ് നട്ടത്. നിലവിൽ ഏഴായിരത്തോളം എണ്ണം ആരോഗ്യത്തോടെ വളരുന്നു.