moi

കുന്നംകുളം: റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് കുന്നംകുളം ഒരുങ്ങുന്നു. ഡിസംബർ മൂന്ന്, അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് കലോത്സവം. കുന്നംകുളം നഗരത്തിൽ 18 വേദികളാണ് കലോത്സവത്തിനുവേണ്ടി തയ്യാറാക്കുന്നത്. ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, ബഥനി സെയ്ന്റ് ജോൺസ് ഇംഗ്ലീഷ് സ്‌കൂൾ, ചിറളം ബഥനി കോൺവെന്റ് ഗേൾസ് സ്‌കൂൾ, ഗുഡ് ഷെപ്പേർഡ് സ്‌കൂൾ, നഗരസഭാ ടൗൺഹാൾ, വൈ.എം.സി.എ. ഹാൾ തുടങ്ങിയ സ്ഥലങ്ങൾ വിദ്യാഭ്യാസ ഉപ ഡയറക്ടർ എ.കെ. അജിതകുമാരിയുടെ നേതൃത്വത്തിൽ പരിശോധിച്ചു. എല്ലാ ദിവസവും 4000-4500 പേർക്ക് ഭക്ഷണസൗകര്യം ഒരുക്കും. ഡിസംബർ മൂന്നിന് നടക്കുന്ന സ്റ്റേജിതര മത്സരങ്ങളിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഏതാനും ഇനങ്ങൾക്കൂടി ഉൾപ്പെടുത്തും. കുട്ടികളുടെ പഠനനിലവാരം പരിശോധിക്കുന്നതിന് എൻ.സി.ഇ.ആർ.ടി. നടത്തുന്ന നാഷണൽ അച്ചീവ്‌മെന്റ് സർവേ നാലിനാണ് നടത്തുന്നതിനാൽ അന്ന് മത്സരങ്ങൾ ഉണ്ടാകില്ല. അഞ്ചിന് ടൗൺഹാളിലായിരിക്കും കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം.