തൃശൂർ: പശ്ചിമഘട്ടത്തിൽ ശുദ്ധജല മത്സ്യത്തിന്റെ പുതിയ ജനുസിനെ കണ്ടെത്തി ശാസ്ത്രജ്ഞർ. നെമാച്ചെലിഡേ കുടുംബത്തിൽ ഉൾപ്പെടുത്തിയ പുതിയ ജനുസ് ലോച്ച്, കുന്നിൻപ്രദേശത്തിൽ അതിവേഗം ഒഴുകുന്ന തോടുകളിലും നദികളിലുമാണുള്ളത്. ലോച്ചുകളുടെ മലയാളം പദത്തിന്റെ അർത്ഥ സൂചകമായാണ് പുതിയ ജനുസിന് കൊയ്മയെന്ന് പേരിട്ടത്. നിലവിൽ രണ്ടിനം മീനുകളാണ് ഈ ജനുസിലുള്ളത്. സൈലന്റ് വാലിയിലെ കുന്തിപ്പുഴയിലാണ് കൊയ്മ രമാദേവി കാണപ്പെടുന്നത്. കൊയ്മ മോണിലിസ് കർണാടകയിലും തമിഴ്‌നാട്ടിലുമായി വ്യാപിച്ചുകിടക്കുന്ന കാവേരിനദിയിലും അതിന്റെ പോഷകനദികളിലും കാണപ്പെടും. കേരള യൂണിവേഴ്‌സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെയും (കുഫോസ്), ന്യൂഡൽഹി ശിവ് നാടാർ ഇൻസ്റ്റിറ്റിയൂഷൻ ഒഫ് എമിനൻസിലെയും ഗവേഷകരായ വി.കെ.അനൂപ്, രാജീവ് രാഘവൻ, നീലേഷ് ദഹനൂകർ എന്നിവരാണ് കണ്ടെത്തിയത്. കേരളത്തിലും കർണാടകത്തിലുമായി ഏഴ് വർഷമായിരുന്നു ഗവേഷണം. നെമച്ചൈലസ് ജനുസിൽ ഉൾപ്പെടുത്തി കൊയ്മ മോണിലിസ് ആദ്യമായി കണ്ടെത്തിയത് 1921ലാണ്, മെസോനോമെച്ചൈലസ് ജനുസിൽ ഉൾപ്പെടുത്തി കൊയ്മ രമാദേവിയെ കണ്ടെത്തുന്നത് 2002ലും. യുറേഷ്യയിലും ആഫ്രിക്കയിലുമായി നിലവിൽ, 800ൽ അധികം സ്‌പെഷീസുകളും 48 ജനുസുകളുമാണ് നെമാച്ചെലിഡേ കുടുംബത്തിലുള്ളത്.
ഭീഷണിയായി മലിനീകരണവും
മലിനീകരണം, ജൈവ വിഭവങ്ങളുടെ ഉപയോഗം, അക്വേറിയത്തിലേക്കായുള്ള ശേഖരണം, വനനശീകരണം, അധിനിവേശ മത്സ്യങ്ങൾ, അണക്കെട്ടുകൾ, ഖനനം, അമിതമായ മത്സ്യബന്ധന രീതികൾ, കീടനാശിനികളുടെ ഉപയോഗം എന്നിവ പശ്ചിമഘട്ടത്തിലെ ശുദ്ധജല മത്സ്യങ്ങൾക്ക് ഭീഷണിയാണ്. അരുവികളിലെ പ്രാദേശിക മത്സ്യങ്ങളാണ് കൂടുതൽ വംശനാശ ഭീഷണി നേരിടുന്നത്.
ചെറിയ പാരിസ്ഥിതിക മാറ്റങ്ങൾ പോലും പുതിയ ഇനങ്ങളുടെ നിലനിൽപ്പിന് വലിയ ഭീഷണിയാണ്.
രാജീവ് രാഘവൻ.