 
ചെറുതുരുത്തി: വരൾച്ചാ ഭീഷണി നേരിടുന്ന പ്രദേശങ്ങൾക്ക് ആശ്വാസമായി, ഭാരതപ്പുഴ തടയണയിൽ ഷട്ടറുകൾ സ്ഥാപിക്കൽ ആരംഭിച്ചു . ഒഴുകിപ്പോകുന്ന ജലം കെട്ടിനിറുത്തുന്നതിലൂടെ തൊട്ടടുത്ത പ്രദേശങ്ങളിലെ ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകും. ഭാരതപ്പുഴയിലെ തടയണയിലെ ഷട്ടറുകളാണ് സ്ഥാപിക്കുന്നത്. ഇതോടെ പുഴയിലെ ജലനിരപ്പ് ഉയർന്നു. മഴ തുടങ്ങിയതോടെ നീക്കം ചെയ്ത ഭാരതപ്പുഴയുടെ ചെറുതുരുത്തി - ഷൊർണൂർ തടയണയിലെ ഫൈബർ ഷട്ടറുകൾ മാസങ്ങൾക്ക് ശേഷമാണ് വീണ്ടും ഇട്ടുതുടങ്ങിയത്. ഇപ്പോൾ ഷട്ടറുകൾ സ്ഥാപിച്ചാൽ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലേക്കുള്ള ജലം ഭാരതപ്പുഴയിൽ സംഭരിച്ച് നിറുത്താൻ സാധിക്കും. വാട്ടർ അതോറിറ്റിയാണ് ഷട്ടറുകൾ സ്ഥാപിക്കുന്നത്. ഭാരതപ്പുഴയിലെ ജലം ക്രമാതീതമായി കുറയുന്നതിനെകുറിച്ച് കഴിഞ്ഞദിവസം കേരളകൗമുദി വാർത്ത നൽകിയിരുന്നു.
....
നെൽപ്പാടങ്ങളിലും ആശ്വാസം
ഭാരതപ്പുഴയിൽ ജലം കെട്ടിനിൽക്കുന്നതോടെ വെള്ളമില്ലാതെ വരൾച്ചാ ഭീഷണി നേരിടുന്ന നെൽപ്പാടങ്ങളിലും ആശ്വാസം. ചെറുതുരുത്തി പുതുശ്ശേരി കരുവാടിക്ക് സമീപമുള്ള മുണ്ടനാട്ടുപാടത്ത് നടീൽ കഴിഞ്ഞ് 40 ദിവസം പിന്നിട്ടതും അഞ്ചുമാസം മൂപ്പുള്ളതുമായ പൊൻമണി നെല്ലുകളാണ് വെള്ളം വറ്റിയതോടെ നാശത്തിന്റെ വക്കിലെത്തിയത്. ഭാരതപ്പുഴയുടെ അതിർത്തി പ്രദേശങ്ങളായ വള്ളത്തോൾ നഗർ, പാഞ്ഞാൾ,ദേശമംഗലം, ഷോർണൂർ,വടക്കാഞ്ചേരി എന്നീ മേഖലകളിലേക്കുള്ള കുടിവെള്ളക്ഷാമവും ഷട്ടർ സ്ഥാപിച്ചതോടെ പരിഹാരമാകും.
തടയണ മുക്കാൽ ഭാഗവും മണൽ അടിഞ്ഞു മൂടപ്പെട്ട നിലയിലാണ്. കേടുപാടുകൾ വന്ന ഫൈബർ ഷട്ടറുകൾ അറ്റകുറ്റപ്പണികൾക്ക് ശേഷം ചോർച്ചകൾ പരിഹരിച്ചാണ് വീണ്ടും സ്ഥാപിക്കുന്നത്. തടയണയിലെ താഴത്തെ ഷട്ടറുകൾ പൂർണമായും അടയ്ക്കുകയും പിന്നീട് മുകളിലെ ഷട്ടറുകളും ഇടുന്ന രീതിയിലാണ് ഇപ്പോൾ പണി പുരോഗമിക്കുന്നത്.
- ഉദ്യോഗസ്ഥർ