
തൃശൂർ: സിനീയർ ജേണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനം 22, 23, 24 തിയതികളിൽ സാഹിത്യ അക്കാഡമി ഹാളിൽ നടക്കും. 22ന് വൈകിട്ട് 3.30 ന് വാർത്താച്ചിത്ര പ്രദർശനം കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യും. 23 ന് ഉച്ചയ്ക്ക് 12 ന് സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ അലക്‌സാണ്ടർ സാം പതാക ഉയർത്തും. 2.30 ന് നടക്കുന്ന മാദ്ധ്യമ സെമിനാർ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
സമ്മേളനം വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എ.മാധവൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ.രാജൻ, ഡോ.ആർ.ബിന്ദു, കെ.രാധാകൃഷ്ണൻ എം.പി, ബെന്നി ബഹ്നാൻ എം.പി എന്നിവർ പങ്കെടുക്കും. തുടർന്ന് എഴുത്തച്ഛൻ ഹാളിൽ കലാസന്ധ്യ അരങ്ങേറും. 24ന് രാവിലെ പത്തിന് പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് സമാപന സമ്മേളനം തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 80വയസ് കഴിഞ്ഞവരെ ആദരിക്കൽ, അംഗങ്ങളുടെ പുസ്തക പ്രകാശനം എന്നിവയും നടക്കും. വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ എം.കെ.വർഗീസ്, ജനറൽ കൺവീനർ എൻ.ശ്രീകുമാർ, സംസ്ഥാന പ്രസിഡന്റ് എ.മാധവൻ, കെ.പി.വിജയകുമാർ, അലക്‌സാണ്ടർ സാം, ബാലകൃഷ്ണൻ കുന്നമ്പത്ത്, ജോയ് എം.മണ്ണൂർ എന്നിവർ പങ്കെടുത്തു.