ചാലക്കുടി: ദേശീയപാതയിലെ മുരിങ്ങൂരിൽ അടിപ്പാത നിർമ്മിക്കുന്നതിന് മുന്നോടിയായി മേലൂരിലേയ്ക്കുള്ള പ്രവേശന കവാടം അടച്ചിടാനുള്ള എൻ.എച്ച്.ഐ.എയുടെ ശ്രമം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. സർവീസ് റോഡുകൾ സഞ്ചാര യോഗ്യമാക്കുകയും ദേശീയ പാതയുടെ ഇരുഭാഗത്തും യു ടേൺ സംവിധാനം ഏർപ്പെടുത്തുകയും ചെയ്യുമെന്ന പ്രൊജക്ട് ഡയറക്ടറുടെ ഉറപ്പ് പാലിക്കാത്തിനെ തുടർന്നാണ് മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിതയും ജനപ്രതിനികളും രംഗത്തെത്തിയത്. എറണാകുളം-തൃശൂർ റോഡിലേയ്ക്ക് മേലൂരിൽ നിന്നുള്ള വാഹനങ്ങൾ കടത്തി വിടാതെ അടിപ്പാത നിർമ്മാണത്തിന് തുടക്കമിടാനായിരുന്നു ശ്രമം. ഇതിനായി റോഡിൽ ബാരിക്കേഡ് സ്ഥാപിച്ചതോടെ വ്യാപാരികളും ഓട്ടോതൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് എം.എസ്.സുനിത, പി.ഒ.പോളി എന്നിവർ സ്ഥലത്തെത്തി ഉദ്യോഗസ്ഥരോട്് സംസാരിച്ചു. ഏറെ നേരത്തെ വാക്കുതർക്കത്തിനൊടുവിൽ അവർ പിൻമാറുകയായിരുന്നു. ആക്ഷൻ കൗൺസിൽ പ്രതിനിധി പി.പി.ബാബു, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി.വിനോദ, സെക്രട്ടറി എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നൽകി.
എൻ.എച്ച്.ഐ.എ നിർദ്ദേശം
മേലൂരിൽ നിന്ന് ചാലക്കുടിയിലേയ്ക്ക് പോകുന്ന വാഹനങ്ങൾ ദേശീയ പാതയിലൂടെ കൊരട്ടിയിലെത്തി തിരിച്ച് വരണം. കാടുകുറ്റിയിലേയ്ക്കുള്ളവ ഇത്തരത്തിൽ ഡിവൈൻ നഗർ അടിപ്പാതയും കഴിഞ്ഞ് സർവീസ് റോഡിലൂടെ യു ടേൺ എടുത്ത് പോകണം. എറണാകുളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും ഇത്തരത്തിൽ സഞ്ചരിക്കണം.
ആക്ഷൻ കൗൺസിൽ നിർദ്ദേശം
മുരിങ്ങൂർ ജംഗ്ഷനിലെ പ്രവേശന കവാടം തടയുന്നത് നാട്ടുകാരെ അതീവ ദുരിതത്തിലാക്കും. അടിപ്പാത നിർമ്മാണം പൂർത്തിയാകും വരെ ദുരിതം തുടരുന്നത് കച്ചവടക്കാരെ ഗുരുതരമായി ബാധിക്കും. മുരിങ്ങൂർ ജംഗ്ഷന് ഇരു ഭാഗത്തുമായി ദേശീയ പാതയിൽ യുടേൺ സംവിധാനം ഒരുക്കണം.
ഈ വിഷയം സംബന്ധിച്ച് തിങ്കളാഴ്ച ജില്ലാ കളക്ടറുമായി ചർച്ച നടത്തിയതാണ്. തങ്ങൾ ഉന്നയിച്ച ന്യായമായ ആവശ്യം അംഗീകരിക്കാമെന്ന്്് ഉദ്യോഗസ്ഥർ ഉറപ്പും നൽകി. ഇത് ലംഘിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രവേശന കവാടം അടച്ചാൽ നിർമ്മാണം പൂർത്തിയാകും വരെ മേലൂരിൽ നിന്നുള്ള യാത്രക്കാരും വാഹനങ്ങളും തൃശൂർ റൂട്ടിലെത്താൻ കൊരട്ടി ജംഗ്ഷൻ വരെ സഞ്ചരിക്കേണ്ട അവസ്ഥയാണ്.എം.എസ്.സുനിത
മേലൂർ പഞ്ചായത്ത് പ്രസിഡന്റ്