pipe
1

കയ്പമംഗലം : ഏങ്ങണ്ടിയൂർ ഏറാക്കൽ റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ തീരദേശത്തെ പത്ത് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങി. ഏങ്ങണ്ടിയൂർ മുതൽ എസ്.എൻ. പുരം വരെയുള്ള പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണ ശൃംഖലയിലെ 700 എം.എം. പ്രിമോ പൈപ്പാണ് പൊട്ടിയത്. മറ്റൊരിടത്ത് ചോർച്ചയടയ്ക്കുന്നതിനായി തിങ്കളാഴ്ച പമ്പിംഗ് നിറുത്തിവച്ച് പണി പൂർത്തിയാക്കിയ ശേഷം രാത്രി പത്ത് മണിയോടെ പുനരാരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ പുലർച്ചെ ഏറാക്കലിൽ പൈപ്പ് പൊട്ടിയത്. വൻതോതിൽ വെള്ളം ചോരുന്നതിനാൽ പമ്പിംഗ് വീണ്ടും നിറുത്തിവച്ചു. അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടൽ മൂലം കുടിവെള്ള വിതരണം മുടങ്ങി തീരദേശവാസികൾ ദുരിതത്തിലാണ്. ഏറാക്കൽ റോഡിലാണ് നിരന്തരം പൈപ്പ് പൊട്ടുന്നത്. ഇതു വഴിയുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.