കൊടുങ്ങല്ലൂർ: കായിക ലഹരിയുടെ ഓജസും വീര്യവും വിദ്യാർത്ഥികൾക്ക് പകർന്നു നൽകുന്നതിനായി ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസും കൊടുങ്ങല്ലൂർ അമൃത വിദ്യാലയവും സംയുക്തമായി ഇന്ന് കൊടുങ്ങല്ലൂർ അമൃത വിദ്യാലയത്തിൽ വിമുക്തി ഏകദിന വോളിബാൾ ടൂർണമെന്റ് സംഘടിപ്പിക്കും. 18 വിദ്യാലയങ്ങളിൽ നിന്നും 34 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിനാണ് അമൃത വിദ്യാലയം വേദിയാകുന്നത്. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ.എസ്. സരസു മുഖ്യാതിഥിയാകും. മുൻ ഇന്ത്യൻ വോളിബാൾ താരം പി.സി. ഗോപിദാസ് സമ്മാനവിതരണം നടത്തും. ലഹരി വിമുക്തി ക്ലബ് മീറ്റിംഗിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പിതാവിന്റെ വ്യാപാരസ്ഥാപനത്തിൽ പുകയില ഉത്പന്നങ്ങളുടെ കച്ചവടം നിറുത്തിയ അമൃത വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥി ഇ.എസ്. കൃഷ്ണ നാരായണനെ ചടങ്ങിൽ ആദരിക്കും.