horse
റാണി കുതിരയും കുട്ടിയും

മാള : ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥി കൃഷ്ണയ്‌ക്കൊപ്പം സാമൂഹിക മാദ്ധ്യമങ്ങളിൽ താരമായ ഝാൻസി കുതിര ഇനി മുത്തശ്ശി. ഝാൻസിയുടെ മകൾ റാണിയാണ് സ്‌കൂളിലെ കുതിരപ്പന്തിയിൽ കുഞ്ഞിന് ജന്മം നൽകിയത്. സ്‌കൂൾ വിദ്യാർത്ഥി കൃഷ്ണ പൊതുപരീക്ഷയ്ക്ക് ഝാൻസിയുടെ പുറത്ത് സവാരി ചെയ്ത് പോയത് സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. സംഭവമറിഞ്ഞ് അന്നത്തെ ഡി.ജി.പി: ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിംഗ് എന്നീ പ്രമുഖർ കൃഷ്ണയെയും ഝാൻസിയെയും കാണാൻ മാളയിലെത്തിയിരുന്നു. പിന്നീട് ഋഷിരാജ് സിംഗിന്റെ ശുപാർശയോടെ കൃഷ്ണ കുതിരയോട്ടത്തിന്റെ ഉന്നത പരിശീലനത്തിനായി മൈസൂരിലേക്ക് പോയി. കുരുവിലശ്ശേരി ചൂണ്ടങ്ങപ്പറമ്പിൽ അജയന്റെയും ഇന്ദുവിന്റെയും മകളാണ് കൃഷ്ണ. സ്‌കൂളിലെ കുതിരപ്പന്തിയിൽ പിന്നീട് ഝാൻസിയുടെ മകളായി റാണി പിറക്കുന്നത്. റാണിയും പ്രസവിച്ചതോടെ സ്‌കൂളിലെ കുതിരപ്പന്തിയിൽ നടന്ന പ്രസവങ്ങളുടെ എണ്ണം മൂന്നായി.

മാർവാലി ഇനത്തിലെ കുതിരകൾ

സ്‌കൂൾ വിദ്യാർത്ഥികളെ കുതിരസവാരി പരിശീലിപ്പിക്കുന്നതിനായാണ് ഇവിടെ കുതിരപ്പന്തിയുണ്ടാക്കിയത്. മാർവാലി ഇനത്തിൽപ്പെട്ട കുതിരകളാണിവ. ത്സാൻസിയെ രാജസ്ഥാനിൽ നിന്നും പത്ത് വർഷം മുമ്പാണ് രാജു സ്‌കൂളിലെ കുതിരപ്പന്തിയിലേക്ക് കൊണ്ടുവരുന്നത്. മലപ്പുറത്തും കോഴിക്കോട്ടും നടന്ന കുതിരയോട്ട മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം വാരിക്കൂട്ടിയ റാണിയെപ്പോലെ നവാതിഥിയായ കുതിരയും ഉയരങ്ങൾ കീഴടക്കുമെന്ന പ്രതീക്ഷയാണ് സ്‌കൂൾ അധികൃതർക്കുള്ളത്.