കുന്നംകുളം: വയനാട് ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകാനുള്ള കൗൺസിൽ യോഗ തീരുമാനം നടപ്പിലാക്കാത്തതും അടഞ്ഞുകിടക്കുന്ന ക്രിമറ്റോറിയത്തെ ചൊല്ലിയും നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണകക്ഷിക്കെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം. ആദ്യ ഘട്ടമായി നാലു ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് അടച്ചിട്ടുണ്ടെന്നും സർക്കാർ ജീവനക്കാരുടെ നവംബർ മാസത്തെ ശമ്പളം ലഭിക്കുന്നതോടെ മുഴുവൻ തുകയും അടയ്ക്കാൻ കഴിയുമെന്ന് ചെയർപേഴ്‌സൺ സീതരവീന്ദ്രൻ പറഞ്ഞു. നഗരസഭ ക്രിമറ്റോറിയം തുറക്കുമെന്ന് കൗൺസിൽ യോഗത്തിൽ നൽകിയ ഉറപ്പിൽ തെറ്റ് പറ്റിയെന്ന് ടി.സോമശേഖരൻ പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ വെളിപ്പെടുത്തലിനെ തുടർന്ന് നഗരസഭ ചെയർപേഴ്‌സൺ രാജിവെക്കണമെന്ന് കെ.കെ. മുരളി ആവശ്യപ്പെട്ടു.
കരാറുകാരനുമായി എഗ്രിമെന്റ് വെച്ചിട്ടില്ലെന്നത് യാഥാർത്ഥ്യമാണെന്ന് ചെയർപേഴ്‌സൺ വ്യക്തമാക്കി. ഡിസംബർ 15നകം ക്രിമറ്റോറിയം തുറക്കാൻ കഴിയുമെന്ന് ചെയർപേഴ്‌സൺ വ്യക്തമാക്കി. നഗരസഭാ ബസ് സ്റ്റാൻഡിൽ പുതിയ എട്ടു ക്യാമറകൾ സ്ഥാപിച്ചു. നഗരസഭയുടെ കേരളോത്സവം 28ന് ആരംഭിക്കാനും യോഗം തീരുമാനിച്ചു. പി എം.സുരേഷ്, എ.എസ്.സുജീഷ്, പി കെ.ഷെബീർ, ബീന രവി, ബിനു പ്രസാദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.