
തൃശൂർ: കോർപ്പറേഷൻ പരിധിയിലുള്ള അഞ്ച് ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. മേയർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ രാവിലെ കോർപ്പറേഷൻ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. നാല് സ്‌ക്വാഡായി തിരിഞ്ഞ് 34 ഹോട്ടലിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ 21 ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. വരുംദിവസങ്ങളിലും ഈ നടപടി തുടരുമെന്ന് മേയർ എം.കെ.വർഗീസ് അറിയിച്ചു. രാമവർമ്മപുരം ബേ ലീഫ് ഹോട്ടൽ, ജൂബിലി മിഷൻ ഹോസ്പിറ്റലിന് സമീപം നവ്യ റെസ്റ്റോറന്റ്, കൊക്കാലെ നാഷണൽ സ്റ്റോർ, പൂങ്കുന്നം അറേബ്യൻ ട്രീറ്റ്, പടിഞ്ഞാറെ കോട്ട കിൻസ് ഹോട്ടൽ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.