puthur

തൃശൂർ: കുട്ടനെല്ലൂർ മുതൽ പയ്യപ്പിള്ളിമൂല വരെയുള്ള മോഡൽ റോഡിന്റെയും പുത്തൂരിൽ നിലവിലുള്ള പാലത്തിന് സമാന്തരമായുള്ള പുതിയ പാലത്തിന്റെയും നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ഡിസംബർ ഏഴിന് നടക്കും. മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയിൽ വൈകിട്ട് 4ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും.
കുട്ടനെല്ലൂർ ഓവർ ബ്രിഡ്ജ് മുതൽ പയ്യപ്പിള്ളി മൂല വരെ അളന്ന് തിട്ടപ്പെടുത്തി റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിയിലെ നാനൂറിലേറെ സ്ഥാപനങ്ങളുടെ കൈവശാവകാശം പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു. ഇതിൽ 223 സ്ഥാപനങ്ങൾ പൊളിച്ചുനീക്കാൻ പൊതുമരാമത്ത് വകുപ്പ് ടെൻഡറയച്ചു. ബാക്കിയുള്ള മുഴുവൻ കെട്ടിടങ്ങളും പൊളിക്കുന്നത് സ്‌പോട്ട് ടെൻഡർ നടപടിയിലൂടെയാണ്. ഇതിനായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി പ്രത്യേക ഉത്തരവ് പ്രകാരം അനുവാദം നൽകി. കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കും.
ഉദ്ഘാടന പരിപാടി വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ പുത്തൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ചു. യോഗം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. റോഡിന്റെയും പാലത്തിന്റെയും നിർമ്മാണം പൂർത്തിയാകുന്നതോടെ പുത്തൂർ സെന്റർ പുതിയ ടൗണായി വികസിക്കുമെന്ന് മന്ത്രി പറഞ്ഞു. ലക്ഷക്കണിനാളുകൾ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള യാത്ര കൂടി സുഗമമാവും. പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. മന്ത്രി കെ.രാജൻ ചെയർമാനും പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ ജനറൽ കൺവീനറുമായി സംഘാടക സമിതിയും അഞ്ച് സബ് കമ്മിറ്റികളും രൂപീകരിച്ചു.