കൊടുങ്ങല്ലൂർ : ബൈപാസിലെ സി.ഐ ഓഫീസ് ജംഗ്ഷനിൽ എലിവേറ്റഡ് ഹൈവേ വേണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച രണ്ടാംഘട്ട സമരം ഇന്ന് ഒരു വർഷം പിന്നിടുന്നു. ബൈപാസ് ഓരത്ത് പന്തൽ കെട്ടി നടക്കുന്ന സമരം 365 ദിനങ്ങൾ പിന്നിടുന്ന ഇന്ന് വൈകിട്ട് 4ന് സമരസമിതി സമര പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുക്കും. ജനങ്ങളുടെ ആവശ്യത്തോട് മുഖം തിരിക്കുന്ന ദേശീയപാത അധികൃതർക്കെതിരെ കൺവെൻഷനിൽ പ്രതിഷേധമുയരും. ജനങ്ങളുടെ ന്യായമായ ആവശ്യം നേടിയെടുക്കാൻ സമരം ശക്തമാക്കാൻ കൺവെൻഷനിൽ തീരുമാനമുണ്ടാകും.
13 വർഷങ്ങൾക്ക് മുമ്പ് ബൈപാസ് തുറന്നതോടെ അപകടങ്ങളും മരണങ്ങളും പതിവായതോടെയാണ് സി.ഐ. ഓഫീസ് ഭാഗത്ത് എലിവേറ്റഡ് ഹൈവേ വേണമെന്ന ആവശ്യം ഉയർന്നത്. ജനകീയ സമരങ്ങൾക്കൊടുവിൽ അന്നത്തെ കളക്ടറുടെ സാന്നിദ്ധ്യത്തിൽ ദേശീയപാത അധികൃതർ എലിവേറ്റഡ് ഹൈവേ നിർമ്മിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. താത്കാലികമായി ഈ ഭാഗത്ത് സിഗ്‌നൽ സംവിധാനം ഏർപ്പെടുത്തുമെന്നും അറിയിച്ചിരുന്നു. ഇതോടെ ആദ്യഘട്ടത്തിലെ 103 ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിച്ചു. സി.ഐ ഓഫീസ് ജംഗ്ഷനിൽ സിഗ്നൽ സംവിധാനമേർപ്പെടുത്തിയെങ്കിലും എലിവേറ്റഡ് ഹൈവേ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഇതോടെയാണ് പ്രദേശവാസികൾ രണ്ടാംഘട്ട സമരം ആരംഭിച്ചത്.
ബൈപാസിൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചതോടെ റോഡ് ക്രോസ് ചെയ്യൻ ഒരു സൗകര്യവും ഒരുക്കില്ലെന്ന് ഇതിനകം വ്യക്തമായി. ദേശീയപാത അധികൃതരുടെ കണക്കിൽ കൊടുങ്ങല്ലൂർ ബൈപാസിൽ നാല് സിഗ്‌നലുകൾ മാത്രമാണുള്ളത്. ഒന്നാം സിഗ്‌നൽ ചന്തപ്പുരയിലും രണ്ടാം സിഗ്‌നൽ പടാകുളവുമാണ്. മൂന്നാമത് ഗൗരിശങ്കർ ജംഗ്ഷനും നാലാമത് കോട്ടപ്പുറം സിഗ്‌നലുമാണ്. 2012ൽ സ്ഥാപിച്ച സി.ഐ ഓഫീസ് സിഗ്‌നൽ ദേശീയപാത ഉദ്യോഗസ്ഥരുടെ ചിത്രത്തിൽ തന്നെയില്ലത്രേ.
പ്രദേശം വിഭജിക്കപ്പെടും
അടിപ്പാതയെങ്കിലും നിർമ്മിച്ചില്ലെങ്കിൽ പ്രദേശം രണ്ടായി വിഭജിക്കപ്പെടുമെന്നാണ് ജനങ്ങളുടെ ആശങ്ക. റോഡ് മുറിച്ചുകടക്കാൻ വഴിയില്ലാതെയായൽ വിദ്യാർത്ഥികൾ അടക്കമുള്ളവർ ദുരിതത്തിലാകും. താലൂക്ക് ആശുപത്രി, സിവിൽ സ്റ്റേഷൻ, വില്ലേജ് ഓഫീസ്, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് പോകണമെങ്കിൽ മൂന്നു കിലോമീറ്റർ ദൂരമെങ്കിലും ചുറ്റി സഞ്ചരിക്കേണ്ടി വരും.