yogam
കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം

പുതുക്കാട്: മണ്ഡലത്തിൽ ആരോഗ്യമേഖല വൻ വികസനത്തിനൊരുങ്ങുന്നു. അഞ്ച് കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് ശേഷം പുതുക്കാട് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ഫെബ്രുവരിയോടെ സജ്ജമാകും. 1.79 കോടിരൂപ ചെലവിൽ നിർമ്മിച്ച ഐസൊലേഷൻ വാർഡ് കെട്ടിടം ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് പ്രവർത്തന ക്ഷമമാക്കും. 3.25 കോടി രൂപ ചെലവിലാണ് പുതിയ താലൂക്ക് ആശുപത്രി കെട്ടിടം നിർമിക്കുന്നത്. കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെയും സേവനങ്ങളുടെയും അവലോകന യോഗത്തിലാണ് വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയത്. മൂപ്ലിയം കുടുംബരോഗ്യ കേന്ദ്രത്തിൽ നവീകരണ പ്രവൃത്തികളും ലാബ് നിർമ്മാണവും പൂർത്തീകരിച്ച് ഡിസംബറോടെ ഉദ്ഘാടനം ചെയ്യും. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായിരുന്ന മറ്റത്തൂർ ആശുപത്രിയെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തും. ഇവിടെ ഒ.പി കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കും. ബ്ലോക്ക് പ്രതിരോധ യൂണിറ്റ് മറ്റത്തൂർ ആരോഗ്യകേന്ദ്രത്തിൽ അനുവദിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി എപ്പിഡെമിയോളജിസ്റ്റ്, ഡാറ്റാ മാനേജർ, ലാബ് ടെക്‌നിഷ്യൻ എന്നീ പോസ്റ്റുകൾ അനുവദിച്ചിട്ടുണ്ടെന്നും ഡി.പി.എം ഡോ.സജീവ്കുമാർ അറിയിച്ചു. ആറാട്ടുപുഴ, മൂപ്ലിയം സബ് സെന്ററുകളുടെ നിർമ്മാണത്തിന് 55.5 ലക്ഷം രൂപ അനുവദിച്ചു. അനുമതി ലഭിച്ചാൽ ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും എം. എൽ.എ അറിയിച്ചു. യോഗത്തിൽ എം. ആർ രഞ്ജിത്, എൻ.മനോജ്, ഡോ..പി. സജീവ് കുമാർ, ഡോ. ഷീജ, ഡോ. എച്ച്. ശ്രീജിത്ത് തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.


സമഗ്രമുന്നേറ്റത്തിന്