
തൃശൂർ: ആർമി റിക്രൂട്ട്‌മെന്റ് റാലി ഫെബ്രുവരി 1 മുതൽ 7 വരെ തൃശൂർ മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റേഡിയം, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിൽ നടത്തും. റാലി നടത്താനുള്ള സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച യോഗം കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ കളക്ടറുടെ ചേംബറിൽ ചേർന്നു. പാലക്കാട്, മലപ്പുറം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ഏകദേശം 3,500 ഉദ്യോഗാർത്ഥികളാണ് പങ്കെടുക്കുക. റാലിയുടെ സുഗമമായ നടത്തിപ്പിന് സൗകര്യമൊരുക്കാൻ കളക്ടർ നിർദ്ദേശം നൽകി. ഏപ്രിൽ, മേയ് മാസങ്ങളിലെ എഴുത്തുപരീക്ഷയിൽ തെരഞ്ഞെടുക്കപ്പെട്ടവർക്കായാണ് റാലി നടത്തുന്നത്.