
തൃശൂർ : സർക്കാർ തലത്തിൽ ഹയർ സെക്കൻഡറി മേഖലയിൽ പേരിന് പോലും കായികാദ്ധ്യാപകരില്ല. ഹൈസ്‌കൂളിലെ കായികാദ്ധ്യാപകരുടെ മനസലിവിലാണ് പലയിടത്തും ഹയർ സെക്കൻഡറിയിലെ കായിക താരങ്ങൾ പരിശീലിക്കുന്നത്. ദേശീയതലത്തിൽ പതിനേഴ് വയസിനും 19 വയസിനും താഴെയുള്ളവർക്കാണ് മത്സരം. ഹയർ സെക്കൻഡറി മേഖലയിൽ മികച്ച രീതിയിൽ പരിശീലനം ലഭിച്ചാലേ ദേശീയാടിസ്ഥാനത്തിൽ മികവ് പുലർത്താനാകൂ.
സംസ്ഥാന അടിസ്ഥാനത്തിൽ വിജയിക്കുന്ന ഭൂരിഭാഗം പേരും ആയിരങ്ങൾ ചെലവഴിച്ച് സ്വകാര്യ അക്കാഡമികളിൽ പരിശീലനം നേടിയാണ് മത്സരത്തിനിറങ്ങുന്നത്. കഴിവുള്ള നിരവധി താരങ്ങൾ സ്‌കൂൾതലങ്ങളിൽ ഉണ്ടെങ്കിലും മികച്ച പരിശീലനം ലഭിക്കുന്നില്ല. പല പഞ്ചായത്തുകൾക്കും സ്വന്തമായി ഗ്രൗണ്ട് പോലുമില്ല. സ്‌കൂൾ മുറ്റത്തെ പരിമിത സൗകര്യങ്ങളിലാണ് പരിശീലനം. സർക്കാർ സ്‌കൂളായാലും എയ്ഡഡ് സ്‌കൂളായാലും പഠിക്കുന്നത് സാധാരണക്കാരാണ്.
പൊടി പിടിച്ച് ആരോഗ്യകായിക പുസ്തകം
കായിക രംഗത്തേക്ക് കടന്നുവരുന്നവർ പുലർത്തേണ്ട ജാഗ്രതയെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്താനായി തയ്യാറാക്കി എല്ലാ വർഷവും വിതരണം ചെയ്യുന്ന ആരോഗ്യകായിക വിദ്യാഭ്യാസ പുസ്തകം മറിച്ചുനോക്കാൻ പോലും സ്‌കൂൾ അധികൃതർ തയ്യാറാകുന്നില്ല. എട്ടാം ക്ലാസ് വരെ പുസ്തകം സൗജന്യമായാണ് നൽകുന്നത്.
9, 10 ക്ലാസിൽ പണം നൽകി വേണം വാങ്ങാൻ. ഇതിന്റെ വിതരണം കൃത്യമായി നടക്കുന്നുണ്ടെങ്കിലും പഠന വിഷയമായി ഒരിടത്തും എടുക്കില്ല. കായിക ശേഷി വികാസം, ശാരീരിക സുസ്ഥിതി, കായിക സംസ്‌കാരം, മാനസികാരോഗ്യം, ആരോഗ്യകരമായ ജീവിത ശൈലി തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് പുസ്തകം.
250 കുട്ടികൾക്ക് ഒരു കായികാദ്ധ്യാപകൻ
കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം 250 കുട്ടികൾക്ക് ഒരു കായിക അദ്ധ്യാപകൻ വേണമെന്നാണ് നിർദ്ദേശം. എന്നാൽ കേരളത്തിൽ ഒരു സ്‌കൂളിൽ പോലും ഇത് ഇല്ല. 80 ശതമാനം സ്‌കൂളിലും കായികാദ്ധ്യാപകർ ഇല്ല. മൂവായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ പോലും രണ്ട് അദ്ധ്യാപകരാണുള്ളത്. ഓരോ ക്ലാസിനും ആഴ്ച്ചയിൽ ഒരു ദിവസമാണ് കായിക പിരീഡ്. ഭൂരിഭാഗം എയ്ഡഡ് സ്‌കൂളിലും ഈ പിരീഡ് പോലും മറ്റ് വിഷയങ്ങൾക്ക് കവർന്നെടുക്കുകയാണ്. അതേസമയം മറ്റ് വിഷയങ്ങൾക്ക് കൃത്യമായ കണക്കിലാണ് അദ്ധ്യാപകരെ നിയമിക്കുന്നത്. നിയമനം ലഭിക്കാത്തത് മൂലം നൂറുക്കണക്കിന് കായികമേഖലയിലെ ഉദ്യോഗാർത്ഥികളാണ് പുറത്തുനിൽക്കുന്നത്.
( നാളെ : ആരും തിരിഞ്ഞു നോക്കാതെ കോർപറേഷൻ സ്റ്റേഡിയം).