1

കൊടുങ്ങല്ലൂർ: രാത്രിയിൽ വീടുകളുടെ അടുക്കള വാതിൽ തകർത്ത് അകത്തുകടന്ന് ഉറങ്ങിക്കിടന്നിരുന്ന ആളുകളുടെ സ്വർണ്ണാഭരണങ്ങളും പണവും കവരുന്ന കുറുവ മോഷണസംഘത്തിനായി ജില്ലാ അതിർത്തിയായ കൊടുങ്ങല്ലൂരിലും പൊലീസിന്റെ രാത്രികാല പരിശോധന.

പൊലീസ് സാഹസികമായി പിടികൂടിയ കുറുവ സംഘാംഗം സന്തോഷ് സെൽവന്റെ കൂട്ടാളികളായ 13 പേരാണ് ആലപ്പുഴയിൽ നിന്നും കടന്നു കളഞ്ഞത്. കഴിഞ്ഞ വർഷം ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി കൊടുങ്ങല്ലൂർ, മതിലകം തീരദേശ മേഖലകളിൽ തിരുട്ടു ഗ്രാമത്തിൽ നിന്നുള്ള മോഷണ സംഘം തുടർച്ചയായി കവർച്ച നടത്തിയിരുന്നു.

ആലപ്പുഴയിൽ തമ്പടിച്ചിരുന്ന കുറുവ മോഷണസംഘമാണ് കടന്നുകളഞ്ഞത്. തീരപ്രദേശത്ത് തമ്പടിക്കുന്ന സംഘം പകൽ സമയങ്ങളിൽ കത്തി മൂർച്ച കൂട്ടാനുള്ള ഉപകരണമായും കത്തി വിൽപ്പനയ്ക്കായും വീടുകൾ കയറിയിറങ്ങും. ശേഷം കവർച്ച നടത്താൻ പറ്റിയ അന്തരീക്ഷമുള്ള വീടുകൾ കണ്ടെത്തും. മോഷണം വ്യാപകമായതോടെ സഹികെട്ട പൊലീസ് മതിലകം, കൊടുങ്ങല്ലൂർ, കൺട്രോൾ റൂം യൂണിറ്റുകളുടെ സഹായത്തോടെ പ്രത്യേക ആക്ഷൻപ്ലാൻ തയ്യാറാക്കി തീരപ്രദേശങ്ങളിൽ രാത്രികാല പട്രോളിംഗ് സജീവമാക്കി. പട്രോളിംഗിനിടെ ശ്രീനാരായണപുരത്ത് നിന്നും 2023 ഏപ്രിൽ 20 ന് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ പിടികൂടി.

എന്നാൽ പൊലീസ് തുടരന്വേഷണം ആരംഭിച്ചതോടെ കവർച്ചാ സംഘത്തിലെ മറ്റുള്ളവർ സ്ഥലം വിട്ടു. പിന്നീട് ഇതുവരെ കുറുവ സംഘത്തിന്റെ സാന്നിദ്ധ്യം തീരമേഖലയിൽ സ്ഥിരീകരിച്ചിട്ടില്ല. തമിഴ് നാടോടി സംഘങ്ങൾ പാർക്കുന്ന ഇടങ്ങളിലും ആളൊഴിഞ്ഞ കടത്തിണ്ണകളിലും പരിശോധന നടത്തുന്നുണ്ട്. പച്ചമരുന്ന് കച്ചവടം, ആക്രി പെറുക്കൽ, ഭിക്ഷാടനം തുടങ്ങിയവയുടെ മറവിലാണ് സംഘം തമ്പടിക്കാറ്. കുറ്റകൃത്യങ്ങളൊന്നും ചെയ്യാതെ തൊഴിൽ ചെയ്ത് കഴിയുന്ന ഇതര സംസ്ഥാന സംഘങ്ങളിലും ഇവർ നുഴഞ്ഞു കയറും. അതുകൊണ്ട് കുറ്റവാളികളെ കണ്ടെത്തുക ശ്രമകരമാണ്. രാത്രികാല പട്രോളിംഗ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങളുമായി നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ് പൊലീസ്.

വാട്സ് ആപ്പിലൂടെ സന്ദേശങ്ങളും

രണ്ടുപേരുടെ ഫോട്ടോകളും വോയ്സ് ക്ളിപ്പുമുൾപ്പെടെയായി കുറുവ സംഘത്തെ തൃശൂർ നഗരപ്രദേശത്ത് കണ്ടുവെന്ന മട്ടിലുള്ള ശബ്ദസന്ദേശവും പ്രചരിക്കുന്നുണ്ട്. രാത്രി ഭാര്യയും ഭർത്താവും സംഘാംഗങ്ങളെ രണ്ടുപേരെ കണ്ടെന്ന രീതിയിലാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. പക്ഷേ പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.