1

തൃശൂർ : ഗീതം സംഗീതം കലാസാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ വടക്കൻ വീരചരിത്ര സിനിമകളിലെ പാട്ടുകൾ കോർത്തിണക്കി ' വൃശ്ചികപൂനിലോവേ' സംഗീതസന്ധ്യ ഒരുക്കും. കുഞ്ചാക്കോ, അപ്പച്ചൻ, ഹരിഹരൻ എന്നിവർ സംവിധാനം ചെയ്ത ഉണ്ണിയാർച്ച മുതൽ വടക്കൻ വീരഗാഥ വരെയുള്ള ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കിയാണ് സംഗീത സന്ധ്യ. പാട്ടിനൊപ്പം ചരിത്രവും സിനിമാരംഗങ്ങളും വിവരിക്കും.
ഞായറാഴ്ച്ച വൈകീട്ട് 4.30ന് തൃശൂർ റീജിയണൽ തിയറ്ററിൽ ഗാനസന്ധ്യ കവി വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും. ഗീതം സംഗീതം എട്ടാം വാർഷികം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. 2023 ലെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിദ്യാധരൻ മാസ്റ്ററെ ആദരിക്കും. സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യാതിഥിയാകും. ജയരാജ് വാരിയർ അവതരിപ്പിക്കുന്ന സംഗീതസന്ധ്യയിൽ പിന്നണി ഗായകരായ പ്രദീപ് സോമസുന്ദരം, വിജേഷ് ഗോപാൽ, എടപ്പാൾ വിശ്വനാഥൻ, റീന മുരളി, ഇന്ദുലേഖ വാരിയർ, ശ്രീരേഖ, സംയുക്ത, നന്ദകൃഷ്ണ എന്നിവർക്കൊപ്പം ഗീതം സംഗീതം ഗായകരും ധാനമാലപിക്കും. വാർത്താ സമ്മേളനത്തിൽ രക്ഷാധികാരി ജയരാജ് വാരിയർ, പ്രസിഡന്റ് മുഹമ്മദ് റഷീദ്, സെക്രട്ടറി സുകുമാരൻ ചിത്രസൗധം, മധു ആനല്ലൂർ, കെ.കെ.ശ്രീലാൽ എന്നിവർ പങ്കെടുത്തു.