1

തൃശൂർ: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങളുടെ ഭാഗമായി ഡിസംബർ 10ന് സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ നടക്കുന്ന പ്രതിഷേധ സമരസാഗരം ചരിത്രമാക്കാൻ കെ.പി.എം.എസ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. ജില്ലയിൽ നിന്ന് കാൽലക്ഷം പ്രവർത്തകരെ പങ്കെടുപ്പിക്കും. വിവിധ കേന്ദ്രങ്ങളിൽ നിന്ന് പതിനായിരങ്ങളുടെ പ്രതിഷേധം അറിയിക്കുന്ന പോസ്റ്റ് കാർഡുകൾ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അയച്ചുകൊണ്ട് 25ന് പ്രതിഷേധ സമരം സംഘടിപ്പിക്കും. ജില്ലയിലെ 200ൽപരം കേന്ദ്രങ്ങളിൽ സമരം നടക്കും. ഡിസംബർ ഏഴിന് ശാഖാ, യൂണിയൻ കേന്ദ്രങ്ങളിൽ പ്രതിഷേധജ്വാല തീർക്കും. 24 മുതൽ ആരംഭിക്കുന്ന കുടുംബ സംഗമങ്ങൾ സമര സന്ദേശവേദികളാക്കും. വിളംബര ജാഥകൾ, കലാ ആവിഷ്‌കാരങ്ങൾ തുടങ്ങിയവ സമരസാഗരത്തിന്റെ ഭാഗമായി സംഘടിപ്പിക്കാനും കെ.ടി.ഡി.സി ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എൻ. സുരൻ അദ്ധ്യക്ഷനായി. പി.എ. അജയഘോഷ്, ശശി കൊരട്ടി, ശാന്ത ഗോപാലൻ, കെ.പി. ശോഭന, ഷാജു ഏത്താപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.