കൊടുങ്ങല്ലൂർ : കേരള ജനാധിപത്യത്തിന്റെ സിരാകേന്ദ്രമായ നിയമസഭാ മന്ദിരം സന്ദർശിച്ച് ശ്രീനാരായണപുരം പഞ്ചായത്തിലെ വേക്കോട് ഗവ. ഫിഷറീസ് സ്‌കൂളിലെ വിദ്യാർത്ഥികൾ. നാല്, അഞ്ച് ക്ലാസുകളിലെ 19 വിദ്യാർത്ഥികളാണ് ഇ.ടി. ടൈസൺ എം.എൽ.എയുടെ സഹായത്തോടെ നിയമസഭാ മന്ദിരത്തിലെത്തിയത്. സ്പീക്കറുടെ അനുമതിയോടെ നിയമസഭാ മന്ദിരം നേരിൽകണ്ട കുട്ടികൾ സ്പീക്കറുടെ ചേമ്പറും കണ്ടു.
പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ അഞ്ചാം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തിലെ ആറാം അദ്ധ്യായമായ 'ജനങ്ങൾ ജനങ്ങളാൽ'എന്ന പാഠഭാഗമാണ് കുട്ടികളിൽ നിയമസഭ കാണണമെന്ന മോഹം ജനിപ്പിച്ചത്. പുരാതന ഗ്രീസിലെ ഏഥൻസിൽ ഉദയം ചെയ്ത ജനാധിപത്യം പിന്നീട് തിരഞ്ഞെടുപ്പ്, ജനപ്രതിനിധികളുടെ ഭരണം, പാർലമെന്റ് എന്നീ സംവിധാനങ്ങളോടെ യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാഗമായ ഇംഗ്ലണ്ടിലാണ് ഇന്ന് കാണുന്ന രീതിയിലായതെന്ന് അദ്ധ്യായത്തിൽ പറയുന്നു.
ഗ്രാമസഭ മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ചും വിശദമാക്കുന്ന പാഠഭാഗത്തിൽ വായിച്ചറിഞ്ഞ ജനാധിപത്യ രീതികൾ നേരിട്ട് കണ്ടറിയാനുള്ള വഴി തേടിയാണ് അദ്ധ്യാപകരും കുട്ടികളും മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ അക്ഷര കൈരളിയുടെ ചെയർമാൻ കൂടിയായ ഇ.ടി. ടൈസൺ എം.എൽ.എയെ സമീപിക്കുന്നത്. എം.എൽ.എയുടെ ശുപാർശ പ്രകാരം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിയമസഭാ മന്ദിരവും സ്പീക്കറുടെ ചേമ്പറും സന്ദർശിക്കാൻ വിദ്യാർത്ഥികൾക്ക് അനുമതി നൽകുകയായിരുന്നു. വിദ്യാർത്ഥികൾക്കൊപ്പം പ്രധാനഅദ്ധ്യാപിക വി.എസ്. ശ്രീജ, മറ്റു അദ്ധ്യാപികമാരായ സി.എം. നിമ്മി, കെ.എസ്. ദിവ്യ, ബി.ആർ.സി കോ-ഓർഡിനേറ്റർ സി.എസ്. ആതിര, പി.ടി.എ പ്രസിഡന്റ് അൻസിൽ പുന്നിലത്ത് എന്നിവരുമുണ്ടായിരുന്നു.