പെരിങ്ങോട്ടുകര: പഴുവിലിൽ വീടും സി.പി.ഐ ഓഫീസും തകർത്ത കേസിലെ പ്രതികളെ പൊലീസ് പിടികൂടിയത് അങ്ങേയറ്റം സാഹസികമായി. പ്രതികളെ പിടികൂടിയത് മൂന്ന് സ്ഥലങ്ങളിൽ ഒളിത്താവളം വളഞ്ഞാണ്. രണ്ടു ദിവസം രാത്രിയും പകലും ഉറക്കം ഒഴിച്ചുള്ള ഓപ്പറേഷനിലാണ് ക്രിമിനലുകൾ പിടിയിലായത്. റൂറൽ എസ്.പി: നവനീത് ശർമ്മയുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. ചൊവ്വാഴ്ച അർദ്ധരാത്രിയോടെ പഴുവിൽ സ്വദേശി വലിയപറമ്പിൽ വീട്ടിൽ അമൽരാജിനെ (24), കോടാലി വാസുപുരത്തെ ഇയാളുടെ ബന്ധുവീട്ടിൽ നിന്ന് ആദ്യം അന്വേഷണ സംഘം പൊക്കി. ടെറസിനു മുകളിൽ കാർഡ് ബോർഡുകൊണ്ട് ചെറിയ കൂടാരം ഉണ്ടാക്കി അതിനുള്ളിൽ ഒളിച്ചു കഴിയുകയായിരുന്നു ഇയാൾ. അന്നു രാത്രി തന്നെ പഴുവിൽ സ്വദേശി പൊറ്റേക്കാട്ട് വീട്ടിൽ മണികണ്ഠനെയും പിടികൂടി. സംഭവശേഷം രാത്രി മണികണ്ഠന്റെ വീട്ടിലാണ് അക്രമി സംഘം താമസിച്ചത്. പിറ്റേന്ന് പറമ്പുകളിലുടെ നടന്നും ഉൾവഴികളിലൂടെയുമായി രക്ഷപ്പെട്ട് ഇവർ കാട്ടൂരിൽ ഓട്ടോഡ്രൈവറായ അജീഷിന്റെ വീട്ടിലെത്തി വീടിനു മുകളിൽ രാത്രി തങ്ങി. വ്യാഴാഴ്ച പുലർച്ചെ അജീഷിന്റെ ഓട്ടോയിൽ രക്ഷപ്പെട്ടാണ് കയ്പമംഗലം വഴിയമ്പലത്തെത്തി മറ്റൊരു കാപ്പാ കേസ് പ്രതി അർജുൻ തമ്പിയുടെ അടുത്ത് അഭയം തേടിയത്. തുടർന്ന് അർജുൻ തമ്പിയുടെ സുഹൃത്ത് വഴിയമ്പലം സ്വദേശി പുത്തൂർ വീട്ടിൽ സൂരജിന്റെ വാടക വീട്ടിൽ ഒളിച്ചു കഴിയുന്നതിനിടെ ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ഡിവൈ.എസ്.പിയും സംഘവും ഈ വീട് വളഞ്ഞാണ് പ്രധാന പ്രതികളായ കുപ്രസിദ്ധ ഗുണ്ട പഴുവിൽ സ്വദേശി ഉണ്ണിമോൻ എന്ന രഞ്ജിത്ത്, ശരത്ചന്ദ്രൻ, രോഹൻ, ജിഞ്ചിലം ദിനേശ്, അർജുൻ തമ്പി, സൂരജ് എന്നിവരെ പിടികൂടിയത്. പൊലീസ് വീട് വളയുന്നതിനിടെ മുകളിൽ നിന്ന് ചാടി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
ഇത്തരക്കാർക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണം. ഇത്തരം ക്രിമിനൽ മയക്കുമരുന്ന് സംഘങ്ങൾ സംഘടിക്കുന്ന വീടുകളെക്കുറിച്ച് പൊലീസിനെ അറിയിക്കണം.
-കെ.ജി. സുരേഷ്
(ഡിവൈ.എസ്.പി)