ചാലക്കുടി: നേതാക്കൾക്ക് വിനയായി നഗരസഭയുടെ വാർഡ് വിഭജനം. കരട് പ്രസിദ്ധീകരിച്ചതോടെ ഭൂരിപക്ഷമുണ്ടായിരുന്ന പല പ്രദേശങ്ങളും മറ്റു വാർഡുകളുടെ ഭാഗമായതാണ് നിലവിലെ കൗൺസിലർമാരെ പ്രതിസന്ധിയിലാക്കുന്നത്. ഒരു വാർഡ് വർദ്ധിച്ച് 37 വാർഡുകളാണ് നിലവിൽ വരുന്നത്. പല വാർഡുകൾ നെടുകെ പിളർന്നു. 465 വീടുകൾക്ക് ഒരു വാർഡ് എന്ന മാനദണ്ഡമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഇക്കുറി അവലംബിച്ചത്. പോട്ടയിലെ ഒന്നാം വാർഡ്, നോർത്ത് ചാലക്കുടിയിലെ 9, കൂടപ്പുഴയിലെ 15 എന്നീ വാർഡുകൾക്ക് മാത്രം മാറ്റമില്ല. 21-ാം നമ്പർ മുനിസിപ്പൽ ക്വാർട്ടേഴ്‌സ് വാർഡ് ഇല്ലാതായി. ഇതിനെ നാലാക്കി വിഭജിച്ച് ചുറ്റുമുള്ള വാർഡുകളിൽ ലയിപ്പിച്ചു. വാർഡ് ഒന്നിന്റെ ഒഴിച്ച് മറ്റെല്ലാ നമ്പറുകൾക്കും മാറ്റമുണ്ട്. മൂന്ന് സീറ്റുകൾ പട്ടികജാതി സംവരണമാകും. ഇതിൽ രണ്ട് വാർഡ് സ്ത്രീകൾക്കും. കരട് പട്ടികയിൽ പരാതികൾ സ്വീകരിക്കുമെങ്കിലും പ്രകടമായ മാറ്റം വരാനിടയില്ലെന്ന് പറയുന്നു.