ration
1

കയ്പമംഗലം: മൊത്തവിതരണ കേന്ദ്രത്തിൽ നിന്നുള്ള ചരക്ക് നീക്കം മന്ദഗതിയിലായതോടെ മേഖലയിലെ റേഷൻ വിതരണം താറുമാറായി. വാതിൽപടി വിതരണത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ള കോൺട്രാക്ടർമാരുടെ സമരം മൂലം ആരംഭിച്ച റേഷൻ ക്ഷാമം, സമരം പിൻവലിച്ചിട്ടും തുടരുകയാണ്. മിക്കവാറും റേഷൻ ഷോപ്പുകളിൽ അരിക്ക് ക്ഷാമമുണ്ട്. മുൻഗണനാ വിഭാഗക്കാർക്ക് പോലും അരി ലഭ്യമാകാത്ത അവസ്ഥയാണ്. മതിലകം, ശ്രീനാരായണപുരം പഞ്ചായത്തുകളിൽ ഏറക്കുറെ റേഷൻ വിതരണം പൂർണമായും സ്തംഭിച്ച സ്ഥിതിയാണ്. അതേസമയം പെരിഞ്ഞനത്ത് റേഷൻ വിതരണം ഏറക്കുറെ സാധാരണ നിലയിലായിട്ടുണ്ട്. നവംബർ മാസം മൂന്നാഴ്ച പിന്നിട്ടിട്ടും റേഷൻ വിതരണത്തിന് പരിഹാരമാകാത്തത് ഷോപ്പുടമകളെയും ഉപഭോക്താക്കളെയും ഒരുപോലെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ഈ നില തുടർന്നാൽ മൊത്തവിതരണ ഡിപ്പോയ്ക്ക് മുമ്പിൽ സമരം ചെയ്യാൻ റേഷൻ ഷോപ്പുടമകളുടെ സംഘടനകൾ തയ്യാറെടുക്കുകയാണ്.

പ്രശ്‌നം മൊത്ത വിതരണ കേന്ദ്രത്തിൽ
ചക്കരപ്പാടം മൊത്തവിതരണ ഡിപ്പോയിൽ നിന്നുള്ള ചരക്കു നീക്കം മന്ദഗതിയിലായതാണ് റേഷൻ വിതരണം താറുമാറാക്കിയത്. 35 കടകളിലേയ്ക്ക് അരി എത്തിക്കാൻ ഒരു ലോറിയാണുള്ളതെത്രേ. വാതിൽപ്പടി വിതരണം സാധാരണ നിലയിലാകാൻ ചുരുങ്ങിയത് 10 ദിവസമെങ്കിലും വേണ്ടിവരും. ഈ നിലയ്ക്ക് വാതിൽപ്പടി വിതരണം പൂർത്തിയാകുമ്പോഴേക്കും ഈ മാസം കഴിയും.