അത്താണി: തെങ്ങ് കയറ്റത്തിൽ പ്രത്യേക പരിശീലനം നൽകി വർഷം മുഴുവൻ ജോലി ഉറപ്പാക്കുന്നതിന് ലേബർ ബാങ്ക് രൂപീകരിക്കാൻ ഗ്രീൻ ആർമിയുടെ കർമ്മപദ്ധതി. സാമൂഹ്യ സുരക്ഷാ സംവിധാനത്തോടെ രൂപീകരിക്കുന്ന ലേബർ ബാങ്കിൽ ആദ്യഘട്ടത്തിൽ 40 പേരെയാണ് ഉൾപെടുത്തുക. നാളികേര വികസന ബോർഡിന്റെ ഫ്രണ്ട്‌സ് ഓഫ് കോക്കനട്ട് ട്രീ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ബാച്ചിന്റെ പരിശീലനം ഡിസംബർ ആദ്യവാരത്തിൽ വടക്കാഞ്ചേരി നഗരസഭയിലെ തിരുത്തി പറമ്പിലുള്ള ഗ്രീൻ ആർമി പരിശീലന കേന്ദ്രത്തിൽ ആരംഭിക്കും. അഞ്ച് ദിന പരിശീലനത്തിന് താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്. ഇൻഷ്വറൻസ് സുരക്ഷയും ഒരുക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് തെങ്ങ് കയറ്റ യന്ത്രം നൽകും. അത്താണിയിലുള്ള ഗ്രീൻആർമി ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. ഫോൺ : 859016 50 19.


ഗ്രീൻ ആർമി പരിശീലന കരുത്തിൽ വനിതകളും


വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച ഗ്രീൻ ആർമി ( പച്ച പട്ടാളം ) കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവു നൽകുന്ന കൂട്ടായ്മയാണ്. കൃഷിയെ ആധുനികവത്കരിച്ച് ഉല്പാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം. യന്ത്രവൽകൃത കൃഷിരീതിയിൽ പ്രാവീണ്യം നേടിയ വനിതകളടക്കമുള്ളവരാണ് കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. കേരളം മുഴുവൻ ഇവരുടെ സേവനം ലഭ്യമാകും. തൊഴിലുറപ്പ് തൊഴിലാളികളും സേനയുടെ ഭാഗമാണ്. വനിതകൾക്ക് യന്ത്രവത്കൃത ഞാറ് നടീൽ മുതൽ തെങ്ങ് കയറ്റത്തിൽവരെ പരിശീലനം നൽകുന്നുണ്ട്.