
തൃശൂർ: തൃശൂർ പ്രസ് ക്ലബ് കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന ആലപ്പാട്ട് ഒപ്റ്റിക്കൽസ് നൽകിയ കേസിൽ ഹൈക്കോടതിയിൽ നിന്നും പ്രസ് ക്ലബിന് അനുകൂല ഉത്തരവ്. വാടക കെട്ടിടത്തിൽ നിന്നും ആലപ്പാട്ട് ഒപ്റ്റിക്കൽസ് ഒഴിയാതിരുന്നതിനെത്തുടർന്ന് പ്രസ് ക്ലബ്ബ് തൃശൂർ റെന്റ് കൺട്രോൾ കോടതിയിൽ ഹർജി നൽകിയിരുന്നു. 2020ൽ അനുകൂല വിധി കിട്ടി. എതിർഭാഗം തൃശൂർ റെന്റ് കൺട്രോൾ അപ്പലേറ്റ് അതോറിറ്റിയെ സമീപിച്ചെങ്കിലും 2024ൽ പരാതി തള്ളി. തുടർന്ന് പരാതിക്കാർ ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ നൽകിയെങ്കിലും ഹർജി തള്ളി. ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് പരാതിക്കാരുടെ ഹർജി തള്ളിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രസ് ക്ലബ്ബിന്റെ കെട്ടിടത്തിൽ നിന്നും വാടകക്കാരെ ഒഴിപ്പിച്ചു. ഹൈക്കോടതിയിൽ അഡ്വ. തമ്പാൻ തോമസും റെന്റ് കൺട്രോൾ കോടതിയിൽ അഡ്വ .എം. രഘുവും പ്രസ്‌ക്ലബ്ബിന് വേണ്ടി ഹാജരായി.