kdglr
1

കൊടുങ്ങല്ലൂർ : നഗരസഭ വാർഡ് വിഭജനത്തിന്റെ പേരിൽ കൊടുങ്ങല്ലൂരിൽ മുന്നണികൾ തമ്മിൽ രാഷ്ട്രീയ പോര്. ഉദ്യോഗസ്ഥന്മാരും സി.പി.എമ്മും തമ്മിൽ നടത്തിയ ഗൂഢാലോചനയാണ് നഗരസഭയുടെ വാർഡ് വിഭജനത്തിലൂടെ പുറത്തുവന്നതെന്ന് ബി.ജെ.പി മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. അധികമായി കൂട്ടിചേർക്കപ്പെട്ട വാർഡുകളുടെ അതിർത്തി പരിശോധിച്ചാൽ അത് മനസിലാക്കാമെന്നും നേതാക്കൾ ആരോപിച്ചു.
അതേസമയം നഗരസഭാ ഭരണം എൽ.ഡി.എഫ് നിലനിറുത്തുമെന്നും ഇക്കാര്യത്തിൽ ബി.ജെ.പി നേതൃത്വത്തിനുള്ള ഭയവും ആത്മവിശ്വാസക്കുറവുമാണ് അവരുടെ പ്രസ്താവനയിലൂടെ പുറത്തു വന്നതെന്ന് സി.പി.എം ഏരിയ സെക്രട്ടറി കെ.ആർ.ജൈത്രൻ തിരിച്ചടിച്ചു. വാർഡ് വിഭജന കാര്യത്തിൽ ഏരിയ കമ്മിറ്റി ഓഫീസിൽ നിന്ന് എഴുതിക്കൊടുത്തത് ഉദ്യോഗസ്ഥസംഘം നടപ്പാക്കുകയായിരുന്നുവെന്ന ആരോപണം വരുന്ന തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള ബി.ജെ.പിയുടെ ഭയം കൊണ്ടാണ്. നഗരസഭയിൽ നിരന്തരമായി ബഹളവും കോലാഹലവുമുണ്ടാക്കി എല്ലാ വികസന പ്രവർത്തനങ്ങളെയും തകർക്കാനുള്ള ബി.ജെ.പിയുടെ ശ്രമം ഇതാണ് കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു
ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.എസ്.വിനോദ്, ജില്ലാ കമ്മിറ്റി അംഗം കെ.പി.ഉണ്ണിക്കൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ എൽ.കെ.മനോജ്, കെ.ആർ.വിദ്യാസാഗർ, വിനീത ടിങ്കു, സന്ധ്യ അനൂപ്, രശ്മി ബാബു, ടി.എസ്.സജീവൻ, ഒ.എൻ.ജയദേവൻ എന്നിവർ മണ്ഡലം കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.
.


വാർഡ് വിഭജനം നടത്തുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർശനമായ മാനദണ്ഡങ്ങൾക്ക് വിധേയമായാണ്. വിഭജനത്തിൽ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കിൽ ആർക്കും പരാതി നൽകാം. നഗരസഭയിൽ നല്ല ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരും.

സി.പി.എം

സി.പി.എമ്മിന് സ്വാധീനമില്ലാത്ത വാർഡിലേക്ക് അതിർത്തികൾ നിശ്ചയിച്ചത് യാതൊരു മാനദണ്ഡവും നോക്കാതെയാണ്. വാർഡ് വിഭജനം റദ്ദ് ചെയ്യണം. ഭൂമിശാസ്ത്രപരമായും തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡമനുസരിച്ചും അതിർത്തി പുനർനിശ്ചയിക്കണം.


ബി.ജെ.പി.