c
c

ചേർപ്പ്: ഉപജില്ലാ സ്‌കൂൾ കലോത്സവം 25, 26, 27 തീയതികളിൽ ചേർപ്പ് ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. 25ന് രാവിലെ 10ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനാകും. കെ.കെ. രാമചന്ദ്രൻ എം.എൽ.എ, മേള പ്രമാണി പെരുവനം കുട്ടൻ മാരാർ, നാടക സംവിധായകൻ ശശിധരൻ നടുവിൽ, ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ, ജില്ലാ പഞ്ചായത്ത് അംഗം വി.ജി. വനജകുമാരി എന്നിവർ മുഖ്യാതിഥികളാകും. ഉപജില്ലയിലെ 96 സ്‌കൂളുകളിൽ നിന്ന് 5755 ഓളം കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കും. ഇക്കുറി പുതുതായി ഘോത്രനൃത്തവും കലോത്സവ മത്സരങ്ങളിൽ ഉണ്ടാകും. ഗവ. ഹൈസ്‌കൂളിലാണ് പ്രധാന വേദികൾ, സംസ്‌കൃത, മലയാള നാടക മത്സരങ്ങൾ ചേർപ്പ് ലൂർദ്ദ് മാതാ ഹൈസ്‌കൂളിലും നാടൻപാട്ട്, വഞ്ചിപ്പാട്ട് എന്നിവ ചേർപ്പ് പഞ്ചായത്ത് ഹാളിലുമാണ് നടക്കുക. 27ന് വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം വി.ജി. വനജകുമാരി, സംഘാടക സമിതി ചെയർപേഴ്‌സൺ ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത്, എ.ഇ.ഒ: എം.വി. സുനിൽകുമാർ, ജനറൽ കൺവീനർ എ.എ. ജാഫർ സാദിഖ്, എം.എസ്. അലക്‌സി എന്നിവർ പങ്കെടുത്തു. കലോത്സവം ലോഗോ മേളപ്രമാണി പെരുവനം സതീശൻ മാരാർ പ്രകാശനം ചെയ്തു. ചാഴൂർ എസ്.എൻ.എം.എച്ച്.എസ് സ്‌കൂളിലെ അദ്ധ്യാപികയായ അയിഷയാണ് ലോഗോ ഡിസൈൻ ചെയ്തത്.