sports
സ്പോഴ്ട്സ്

തൃശൂർ : അഞ്ജു ബോബി ജോർജ്, സിനി മോൾ പൗലോസ്, ജിൻസി ഫിലിപ്പ് തുടങ്ങി നിരവധി അന്തർദ്ദേശീയ താരങ്ങൾ ആദ്യ ചുവടുവച്ച തൃശൂരിൽ ആവശ്യമായ സൗകര്യങ്ങളുണ്ടായിട്ടും ഒരു സിന്തറ്റിക് ട്രാക്കെന്ന ആവശ്യത്തോട് മുഖം തിരിക്കുകയാണ് അധികൃതർ. തൃശൂർ പാലസ് ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്ക് ഒരുക്കുമെന്ന് സംസ്ഥാന സർക്കാരും കോർപ്പറേഷനും പല തവണ പ്രഖ്യാപനം നടത്തി. ഓരോ വർഷം ചെല്ലുംതോറും സ്‌റ്റേഡിയത്തിന്റെ സ്ഥിതി ശോച്യാവസ്ഥയിലാണ്. ഇ.പി.ജയരാജനും വി.അബ്ദു റഹിമാനും സ്‌പോട്‌സ് മന്ത്രിയായിരുന്നപ്പോഴും പ്രതീക്ഷ നൽകി പ്രഖ്യാപനങ്ങളുണ്ടായി. ഇതിനിടയിൽ രാജ്യസഭാ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട പി.ടി.ഉഷ ഗ്രൗണ്ട് നവീകരണത്തിന് അനുകൂല നടപടിയെടുക്കുമെന്നും പറഞ്ഞു. പക്ഷേ ഒന്നുമുണ്ടായില്ല.
തുടർനടപടികളിൽ കോർപ്പറേഷനും വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല. കേന്ദ്ര കായികമന്ത്രാലയത്തിന്റെ ഖേലോ ഇന്ത്യ പ്രൊജക്ടിലൂടെ ഒമ്പത് കോടി ചെലവഴിച്ച് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പുതിയ സിന്തറ്റിക് ട്രാക്കും മികവുറ്റ ഫുട്ബാൾ ടർഫും നിർമ്മിക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തത്. ട്രാക്ക് നിർമ്മാണത്തിന് സ്റ്റേഡിയം വിട്ടുനൽകാനുള്ള ധാരണാപത്രം ഒപ്പുവയ്ക്കുന്നതിൽ നിന്നും കോർപ്പറേഷൻ അവസാന നിമിഷം പിന്മാറിയെന്നാണ് വിവരം.
ഇക്കാര്യത്തിൽ തൃശൂരിൽ നിന്നുള്ള കേന്ദ്രമന്ത്രിയുടെ ഭാഗത്ത് നിന്നും അനുകൂല നടപടികളില്ലാത്തതിലും കായികപ്രേമികൾക്ക് അമർഷമുണ്ട്. സ്‌കൂൾ മീറ്റ് ഇപ്പോൾ രണ്ട് വർഷമായി കുന്നംകുളത്താണ് നടത്തുന്നത്. ജില്ലയുടെ ഏറ്റവും അറ്റത്ത് കിടക്കുന്ന സ്ഥലമായതിനാൽ ഏറെ ദുരിതവുമാണ്. തൃശൂരിന്റെ ഹൃദയഭാഗത്ത് ഏറെ സൗകര്യങ്ങളുള്ള ഗ്രൗണ്ട് ഉണ്ടായിട്ടും സിന്തറ്റിക് ട്രാക്ക് നിർമ്മിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. മാലിന്യഭൂമിയെന്ന് അറിയപ്പെട്ടിരുന്ന ലാലൂരിൽ ഐ.എം.വിജയന്റെ പേരിലുള്ള സ്റ്റേഡിയം കായിക പ്രേമികൾക്ക് ആവേശമായിരുന്നെങ്കിലും നിർമ്മാണ പ്രവർത്തനം ഇഴഞ്ഞു നീങ്ങുന്ന നിലയിലാണ്.

ഫുട്ബാൾ ഗ്രൗണ്ടും നാശത്തിന്റെ വക്കിൽ

ദേശീയ ഗെയിംസിന്റെ ഭാഗമായാണ് തൃശൂരിലെ കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ ഫുട്ബാൾ ഗ്രൗണ്ട് കോടികൾ ചെലവഴിച്ച് നവീകരിച്ചത്. എന്നാൽ തുടർന്നുള്ള സംരക്ഷണത്തിൽ കോർപ്പറേഷൻ തികഞ്ഞ അലംഭാവമാണ് കാണിച്ചത്. കൃത്രിമപ്പുല്ലുകൾ പലയിടത്തും ഇളകിത്തുടങ്ങി. തെരുവുനായ്ക്കളും മറ്റും കടന്ന് നശിപ്പിക്കുന്നതും പതിവാണ്. സംരക്ഷണ വേലികളും തകർന്നു.

നിവേദനം നൽകി

സിന്തറ്റിക് ട്രാക്ക് നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് അത്‌ലറ്റിക് ഫെഡറേഷൻ, മുഖ്യമന്ത്രി, സ്‌പോർട്‌സ് മന്ത്രി, കളക്ടർ, മേയർ എന്നിവർക്ക് സ്‌പോർട്‌സ് പ്രമോഷൻ ബോർഡ് അംഗം ജെയ്‌സി ജോസ് കല്ലറയ്ക്കൽ നിവേദനം നൽകി.

(അവസാനിച്ചു).