തൃശൂർ : ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം. ചേലക്കരയുടെ മനസ് ഇടത്തോട്ടോ വലത്തോട്ടോയെന്ന് ഇന്നറിയാം. മണിക്കൂറുകൾക്കകം എൻ.ഡി.എയുടെ സ്വപ്‌നം പൂവണിയുമോയെന്നുമറിയാം. കാടിളക്കി പ്രചാരണം നടത്തിയ മൂന്ന് മുന്നണികളും പ്രതീക്ഷകളുടെ ഉയരത്തിലാണ്. എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ വിജയ പ്രതീക്ഷ പങ്കുവയ്ക്കുമ്പോൾ അട്ടിമറി വിജയംനേടുമെന്നാണ് എൻ.ഡി.എയുടെ അവകാശ വാദം. ഭരണ വിരുദ്ധ വികാരം ഒന്നുമില്ലെന്നും ചേലക്കരയുടെ ഇടത് മനസ് മാറിയിട്ടില്ലെന്നും എൽ.ഡി.എഫ് അവകാശപ്പെടുന്നു. അതോടൊപ്പം യു.ആർ.പ്രദീപെന്ന സ്ഥാനാർത്ഥിയുടെ ക്ലീൻ ഇമേജ് വിജയത്തിന് മാറ്റുകൂട്ടുമെന്നാണ് നേതാക്കളുടെ വിശ്വാസം. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എൽ.ഡി.എഫ് ഘടകകക്ഷി നേതാക്കൾ, മന്ത്രിമാരുടെ വൻനിര എന്നിവരെത്തി പ്രചാരണത്തിന് കൊഴുപ്പുകൂട്ടിയിരുന്നു. ഒരു തിരിച്ചടി എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല.
അതേസമയം മൂന്ന് പതിറ്റാണ്ടായുള്ള ഇടതുകുത്തക തകർക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ചിട്ടയായ പ്രവർത്തനം നടത്തിയെന്നതാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. അതോടൊപ്പം ഭരണ വിരുദ്ധ വികാരവും തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഉയർന്ന വിവാദങ്ങളുടെ നേട്ടവും തുണയാകുമെന്ന വിലയിരുത്തലും യു.ഡി.എഫിനുണ്ട്. അട്ടിമറി വിജയം എൻ.ഡി.എ അവകാശപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ നിയമസഭാ,ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടിനേക്കാൾ നില മെച്ചപ്പെടുത്തിയാൽ അത് ആരെ ബാധിക്കുമെന്നതാണ് പ്രധാന ചർച്ചാവിഷയം.
വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ
ഇന്ന് രാവിലെ എട്ടോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ചിത്രം ഒമ്പതോടെ അറിയാം. ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ. 14 ടേബിളുകളിലായാണ് ഇ.വി.എം മെഷീൻ തുറന്നെണ്ണുക. ഓരോ മേശകളിലും മൂന്നുപേർ വീതമുണ്ടാകും. നാല്‌മേശകളിലായി പോസ്റ്റൽവോട്ടും എണ്ണും. മുന്നൂറോളം പേരെയാണ് ഇതിനായി ക്രമീകരിച്ചത്.
എണ്ണേണ്ടത് 1.55 ലക്ഷം വോട്ട്
ആകെ വോട്ട് 2.13 ലക്ഷം
പോളിംഗ് ശതമാനം 72.77 %
സ്ത്രീവോട്ടർമാർ 74.42 %
പുരുഷന്മാർ 70.96 %.
തപാൽവോട്ട് 1,418
ചേലക്കരയുടെ മനസ് ഞങ്ങൾക്കൊപ്പമാണ്. എൽ.ഡി.എഫ് നല്ല ആത്മവിശ്വാസത്തിലാണ്
എം.എം.വർഗീസ്
ജില്ലാ സെക്രട്ടറി.
സി.പി.എം
ചേലക്കരയിൽ ഇത്തവണ യു.ഡി.എഫിന് അനുകൂലമായ ജനവികാരമാണ് ഉയർന്നിരിക്കുന്നത്.
വി.കെ.ശ്രീകണ്ഠൻ. എം.പി,
ഡി.സി.സി പ്രസിഡന്റ് ഇൻ ചാർജ്
ബി.ജെ.പി ചേലക്കരയിൽ വിജയം നേടും. ബി.ജെ.പി അവതരിപ്പിച്ച വിഷയങ്ങൾ ജനമേറ്റെടുത്തു
അഡ്വ.കെ.കെ.അനീഷ് കുമാർ
ജില്ലാ പ്രസിഡന്റ്
ബി.ജെ.പി.