sobhana

കയ്പമംഗലം: ചെന്ത്രാപ്പിന്നി കണ്ണമ്പുള്ളിപ്പുറത്ത് തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. ചെന്ത്രാപ്പിന്നി മാരാത്ത് ക്ഷേത്രത്തിന് സമീപം തൃപ്രാടൻ സുകുമാരൻ ഭാര്യ ശോഭനയാണ് ( 60) മരിച്ചത്. എടത്തിരുത്തി 15-ാം വാർഡിൽ കഴിഞ്ഞ ബുധനാഴ്ചയാണ് കാട്ടുകടന്നൽ കൂടിളകി തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുത്തേറ്റത്.

ടി.എം റോഡിന് സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പണിയെടുക്കുന്നതിനിടെയായിരുന്നു സംഭവം. 18 തൊഴിലാളികൾ ചേർന്ന് ബെഡ് കെട്ടുന്നതിനിടെയാണ് കടന്നൽ കൂട്ടത്തോടെ ശോഭനയെ ആക്രമിച്ചത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് ആറ് പേർക്കും കുത്തേറ്റു. പറമ്പിലെ മരത്തിന്റെ കട ഭാഗത്താണ് കടന്നൽക്കൂട് കൂട്ടിയിരുന്നത്. മണ്ണ് നീക്കുന്നതിനിടെ കൂട് ഇളകിയപ്പോഴാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റതിനാൽ ശോഭനയെ അന്നുതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്ഥിതി മോശമായതിനാൽ വ്യാഴാഴ്ച തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ഉച്ചയോടെ മരിച്ചു. മക്കൾ: സിനീഷ്, സീന, പരേതനായ സിജീഷ്. മരുമക്കൾ: സുന്ദരൻ, പ്രജിഷ.