
ചാലക്കുടി: മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയിൽ വൃദ്ധ ട്രെയിനിടിച്ചു മരിച്ചു. മറ്റൊരു സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി പുഞ്ചദേശം ആനശേരി വീട്ടിൽ ജെയിംസിന്റെ ഭാര്യ റോസമ്മയാണ് (73) മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ വടക്കൻ പറവൂർ തോമസിന്റെ ഭാര്യ ഉഷയെ (56) അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നിന്നും ധ്യാനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിന് ഇവർ റെയിൽവേ ട്രാക്കിലൂടെ എതിർ ദിശയിലെ പ്ലാറ്റ് ഫോമിലേക്ക് കടന്നതായിരുന്നു.
ഈ സമയത്ത് ട്രാക്കിലൂടെ വന്ന ചെന്നൈ എഗ്മോർ എക്‌സ്പ്രസ് ഇരുവരെയും ഇടിച്ചുതെറിപ്പിച്ചു. ആദ്യം ട്രെയിനിന് മുന്നിൽപെട്ട റോസമ്മ തെറിച്ച് മറുവശത്തുള്ള ട്രാക്കിലേക്ക് വീണു. അവിടെ വെച്ച് തന്നെ മരണം സംഭവിച്ചു. തൊട്ടടുത്ത നിമിഷം ഉഷയെയും ട്രെയിനിടിച്ചിട്ടു. സംഭവം നടന്നയുടനെ കൊരട്ടി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. 108 ആംബുലൻസിൽ ഉഷയെ അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിന് ശേഷം റോസമ്മയുടെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് എതിർ ദിശയിലേക്ക് കടക്കാനും തിരിച്ചു വരാനും സ്‌കൈ വേ സംവിധാനമില്ല. ആളുകൾ ട്രാക്ക് മുറിച്ചുകടക്കുകയാണ് പതിവ്. ഇതിനായി പ്ലാറ്റ്‌ഫോമിൽ നിന്നും ട്രാക്കിലേക്ക് ഇറങ്ങുന്നതിന് സൗകര്യവും ഒരുക്കിയിട്ടുണ്ട്.