
തൃശൂർ : പെരിന്തൽമണ്ണയിൽ കഴിഞ്ഞദിവസം രാത്രി നടന്ന സ്വർണ്ണക്കവർച്ചാ കേസിലെ നാലു പ്രതികളെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി അരങ്ങൻമൂല ദേശത്ത് കളിയങ്കാറ വീട്ടിൽ മണി എന്നു വിളിക്കുന്ന സജിത് കുമാർ (36), പാട്യം വില്ലേജിൽ പത്തയംകുന്ന് ദേശത്ത് ശ്രീരാജ് വീട്ടിൽ നിജിൽ രാജ് (35), പാട്യം വില്ലേജിൽ പത്തയംകുന്ന് ദേശത്ത് ആശാരികണ്ടിയേൽ വീട്ടിൽ പ്രബിൻ (29), കോക്കൂർ എളവള്ളി ദേശത്ത് കോറംവീട്ടിൽ നിഖിൽ (33) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെരിന്തൽമണ്ണയിൽ വ്യാഴാഴ്ച സ്‌കൂട്ടറിൽ പോകുകയായിരുന്ന എം.കെ.ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും പിന്തുടർന്ന് കാറിലുള്ള സംഘം മൂന്നര കിലോയോളം സ്വർണ്ണം കവരുകയായിരുന്നു. ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് പ്രതികൾ പിടിയിലായത്. സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, എ.സി.പി സലീഷ് ശങ്കർ എന്നിവരുടെ നിർദ്ദേശ പ്രകാരം നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കൃത്യം നടത്തിയ മഹീന്ദ്ര മരാസോ വാഹനത്തെ പറ്റി ആദ്യം പെരിന്തൽമണ്ണ ക്യാമറ യൂണിറ്റിൽ നിന്നും പ്രാഥമിക വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിറ്റി ക്യാമറ കൺട്രോളിന്റെ ഇടപെടലും നിർണായകമായി.
ഈസ്റ്റ് സി.ഐ ജിജോയുടെ മേൽനോട്ടത്തിൽ തൃശൂർ ഈസ്റ്റ് ഫോർട്ടിൽ വാഹന പരിശോധന നടത്തുന്ന സമയം കൈ കാണിച്ചിട്ടും നിറുത്താതെ പോയ വാഹനത്തെ ഈസ്റ്റ് എസ്.ഐ ജിനോ പീറ്ററിന്റെ നേതൃത്വത്തിൽ പിന്തുടർന്ന് സെവൻത്ത് ഡേ സ്‌കൂളിന് മുൻവശത്ത് വച്ച് പിടികൂടുകയായിരുന്നു. പ്രതികളെ പിടികൂടിയ സംഘത്തിൽ സിവിൽ പൊലീസ് ഓഫീസർ പ്രദീപ്, സി.പി.സൂരജ് എന്നിവരുമുണ്ടായിരുന്നു.