jeep

അതിരപ്പിള്ളി: വെറ്റിലപ്പാറ കണ്ണംകുഴി കാട്ടിൽ പട്രോളിംഗ് കഴിഞ്ഞു മടങ്ങിയ വനപാലകരുടെ ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു. രണ്ടുപേർക്ക് പരിക്കേറ്റു. റേഞ്ച് ഡെപ്യൂട്ടി ഓഫീസർ കെ. റിയാസ് (35), വാച്ചർ കെ.കെ. ഷാജു(48) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സംഭവം. കുണ്ടൂർമേട് തോടിനടുത്ത് നൈറ്റ് പെട്രോളിംഗിന് ശേഷം നാലു ജീവനക്കാരെ തിരിച്ചുകൊണ്ടുവന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. തോടിന് കുറുകെയുള്ള ചപ്പാത്തിലൂടെ മറുകരയിലേക്ക് കടന്ന ജീപ്പ് കാട്ടിൽ നിന്നും ഓടിയെത്തിയ മോഴയാണ് ആക്രമിച്ചത്. ആക്രമണത്തിൽ ജീപ്പിന്റെ ഇടതുഭാഗത്തിരുന്ന റിയാസ് ജീപ്പിൽനിന്ന് താഴെ വീണു. തുടർന്ന് എഴുന്നേറ്റോാടിയ റിയാസിന് പിന്നാലെ പാഞ്ഞടുത്ത ആന ഇയാളുടെ കാലിൽ തുമ്പിക്കൈ കൊണ്ട് അടിച്ചു. വീണ്ടും ആന തിരിച്ചുവന്ന് ജീപ്പ് കുത്തി മറിച്ചിട്ടു. ഇതിനിടെയാണ് വാച്ചർ ഷാജുവിന് പരിക്കേറ്റത്. ആന പിന്നീട് രണ്ട് പിൻകാലിൽ ഇരുന്ന് ചിഹ്നം വിളിച്ചുവെന്ന് അപകടത്തിൽപ്പട്ടവർ പറഞ്ഞു. ആറു പേരായിരുന്നു ജീപ്പിൽ യാത്ര ചെയ്തിരുന്നത്. പിന്നീട് മൊബൈൽ ഫോണിന് റേയ്ഞ്ചുള്ള സ്ഥലത്തെത്തി കണ്ണങ്കഴി ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ജീപ്പും 108 ആംബുലൻസുമെത്തി പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. നിസാര പരിക്കേറ്റ ഇരുവരെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.