തൃശൂർ: ചിട്ടയോടെയുള്ള പ്രചാരണപ്രവർത്തനങ്ങളും യു.ആർ.പ്രദീപിന്റെ പ്രതിച്ഛായയും കൂടിയായതോടെ ചേലക്കര കരുത്തോടെ ചുവന്നു. 2016ൽ ചേലക്കരയുടെ സ്വന്തം കെ.രാധാകൃഷ്ണൻ മാറി പ്രദീപ് സ്ഥാനാർത്ഥിയായപ്പോൾ ലഭിച്ച വോട്ടിനേക്കാൾ ഭൂരിപക്ഷത്തോടെ. പക്ഷേ അപ്പോഴും രാധാകൃഷ്ണൻ നേടിയ 39,400 വോട്ടുകളുടെ ഭൂരിപക്ഷം എത്തിപ്പിടിക്കാനായില്ല. ചേലക്കര ടൗണും ദേശമംഗലവുമടക്കം മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങൾ പ്രളയത്തിൽ മുങ്ങിയപ്പോൾ രക്ഷാപ്രവർത്തകരുടെ മുന്നിൽ പ്രദീപുണ്ടായിരുന്നു. എല്ലാ പഞ്ചായത്തിലും പൊതുവിദ്യാഭ്യാസ സൗകര്യം, അടിസ്ഥാന ചികിത്സയ്ക്കുള്ള ആരോഗ്യ കേന്ദ്രം തുടങ്ങി ചേലക്കര മാതൃകയാകുകയും ചെയ്തു.
യാതനകൾ കണ്ടറിഞ്ഞ്
നിലത്തെ കുഴിയിൽ ഇലയിട്ട് ജന്മിമാർ തൊഴിലാളികൾക്ക് കഞ്ഞി കൊടുത്തതിനെ എതിർത്ത പുരോഗമനവാദിയായിരുന്നു പ്രദീപിന്റെ അച്ഛൻ പരേതനായ പാളൂർ തെക്കേപുരയ്ക്കൽ രാമൻ. കമ്യൂണിസ്റ്റ് പ്രവർത്തകനായി കർഷകതൊഴിലാളികൾക്കിടയിൽ പ്രവർത്തനം തുടർന്നു. ജീവിക്കാൻ വഴിയില്ലാതെ ചെന്നൈയിലെത്തി സൈന്യത്തിന്റെ ക്ലോത്തിംഗ് ഫാക്ടറിയിൽ തയ്യൽ തൊഴിലാളിയായി. അച്ഛൻ വിരമിച്ചതോടെ 1997 ഡിസംബറിൽ കുടുംബം നാട്ടിലേക്ക് മടങ്ങി. ജ്യേഷ്ഠൻ പ്രസാദിനെപോലെ എയർഫോഴ്‌സിൽ ചേരാനിരുന്ന പ്രദീപ് നാട്ടിലെത്തിയതോടെ പാർട്ടിയിൽ സജീവമായി.
തുടക്കം പഞ്ചായത്തിൽ
27ാം വയസിലാണ് ദേശമംഗലം പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള പുരസ്‌കാരം നേടി. സംസ്ഥാന പട്ടിക ജാതി വർഗ വികസന കോർപറേഷൻ ചെയർമാനായിരിക്കെ 10 കോടിയുടെ ലാഭം നേടി കൊടുത്തു. നിലവിൽ സി.പി.എം. വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗവും പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
2000-2005 ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റ്
2005-2010 പഞ്ചായത്ത് വൈസ് പ്രസിഡന്റ്
2009-2011 ദേശമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്
2015- ദേശമംഗലം വീണ്ടും പഞ്ചായത്ത് അംഗം
2016- 2021 എം.എൽ.എ.
2022- സംസ്ഥാന പട്ടിക ജാതി വർഗ വികസന കോർപറേഷൻ ചെയർമാൻ