അന്നമനട : പൊലീസ് സ്റ്റേഷനും അവിടുത്തെ സംവിധാനങ്ങളും കുട്ടിപ്പൊലീസുകാരിൽ കൗതുകവും അമ്പരപ്പുമുണ്ടാക്കി. പാലിശ്ശേരി എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടി പൊലീസ് കേഡറ്റുകൾ (എസ്.പി കാഡറ്റുകൾ) ആണ് ഇന്നലെ മാള പൊലീസ് സ്റ്റേഷൻ സന്ദർശിച്ചത്. പൊലീസ് സംവിധാനങ്ങളെക്കുറിച്ച് നിരവധി സംശയങ്ങളായിരുന്നു കുട്ടിപ്പൊലീസുകാർക്ക്. സ്റ്റേഷനിലെ എസ്.ഐയും സി.ഐയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.
സബ് ഇൻസ്‌പെക്ടർ കെ.കെ. ശ്രീനി സ്റ്റുഡൻസ് പൊലീസ് കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ച് സ്റ്റേഷനിലേക്ക് ആനയിച്ചു. കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ അനീഷ് സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ച് കേഡറ്റുകൾക്ക് ക്ലാസ് നൽകി. അദ്ധ്യാപകരായ കെ.കെ. സന്ധ്യ, വി. അജിത എന്നിവരും വിദ്യാർത്ഥികൾക്കൊപ്പം ഉണ്ടായിരുന്നു. 40 കേഡറ്റുകളാണ് സന്ദർശക സംഘത്തിലുണ്ടായിരുന്നത്.
ലക്ഷ്യം സ്റ്റേഷൻ പ്രവർത്തനം മനസിലാക്കൽ
പൊലീസ് സ്‌റ്റേഷന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാന ഘടനയും പ്രായോഗിക പരിചയവും ഉറപ്പാക്കുകയായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. സ്റ്റേഷൻ സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന ആയുധങ്ങൾ, വയർലെസ് സംവിധാനങ്ങൾ എന്നിവ സബ് ഇൻസ്‌പെക്ടർ കെ.കെ. ശ്രീനി കേഡറ്റുകൾക്ക് പരിചയപ്പെടുത്തി. വിദ്യാർത്ഥികളുമായി പൊലീസ് ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തി. അവരുടെ കരിയർ അഭിരുചികൾക്കുള്ള മാർഗനിർദേശങ്ങളും നൽകി.