
പാട്ടുംപാടി രമ്യ ഹരിദാസ് ജയിക്കുമോ? ഇടതുകോട്ട വീണ്ടും ചുവക്കുമോ? എൻ.ഡി.എ അട്ടിമറി വിജയം നേടുമോ? എല്ലാം ചോദ്യങ്ങൾക്കും ഉത്തരമായിക്കഴിഞ്ഞു. ഭരണവിരുദ്ധ വികാരമെന്ന പ്രചാരണത്തെയും മറികടന്ന് വീണ്ടും ചേലക്കരയിൽ എൽ.ഡി.എഫ് തന്നെ അധികാരത്തിലേക്ക്. തൃശൂർ പൂരം അടക്കമുള്ള വിവാദങ്ങളുയർത്തി പ്രചാരണം സജീവമാക്കിയ ഉപതിരഞ്ഞെടുപ്പിൽ, സിറ്റിംഗ് സീറ്റ് നിലനിറുത്താനായതും ഇടതിന് നേട്ടമായി.
യു.ഡി.എഫിലെ രമ്യ ഹരിദാസിനെ 12,201 വോട്ടുകൾക്കാണ് യു.ആർ.പ്രദീപ് രണ്ടാം വരവിൽ തോൽപ്പിച്ചത്. പോസ്റ്റൽ വോട്ട് മുതൽ ഇ.വി.എം മെഷീനിലെ അവസാന റൗണ്ട് വരെ എതിരാളിയെ നിഷ്‌പ്രഭയാക്കിയായിരുന്നു പ്രദീപിന്റെ മുന്നേറ്റം. 2016ൽ പ്രദീപിന് ലഭിച്ച ഭൂരിപക്ഷം (10,200 വോട്ട്) മറികടക്കാനായെങ്കിലും 2021ലെ കെ. രാധാകൃഷ്ണന്റെ 39,400 എന്ന ഭൂരിപക്ഷത്തിന് അടുത്തെത്താനായില്ല.
യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ പഴയന്നൂർ ഒഴികെയെല്ലാം രമ്യ ഹരിദാസിനെ കൈവിട്ടു. അതേസമയം എൻ.ഡി.എ സ്ഥാനാർത്ഥി കെ.ബാലകൃഷ്ണൻ കഴിഞ്ഞ തവണത്തേക്കാൾ പതിനായിരത്തോളം വോട്ടെണ്ണം വർദ്ധിപ്പിച്ച് കരുത്തുകാട്ടി. നാലായിരത്തോളം വോട്ടുകൾ നേടി പി.വി.അൻവറിന്റെ ഡി.എം.കെ മണ്ഡലത്തിൽ സാന്നിദ്ധ്യമറിയിച്ചപ്പോൾ തിരിച്ചടിയായതും യു.ഡി.എഫിനാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷം കുത്തനെ കുറയ്ക്കാനായെന്നത് മാത്രമാണ് യു.ഡി.എഫിനുണ്ടായ നേട്ടം. പഴയന്നൂരിൽ മാത്രമാണ് രമ്യഹരിദാസിന് അൽപ്പം മുൻതൂക്കം നേടാനായത്. എന്നാൽ അത് പ്രദീപിന്റെ ലീഡ് മറികടക്കാവുന്ന ഒന്നായിരുന്നില്ല. പോസ്റ്റൽ വോട്ടിൽ 79 വോട്ടിന്റെ ലീഡ് നേടി ആദ്യ കടമ്പ കടന്ന പ്രദീപ് പിന്നീട് തിരിഞ്ഞു നോക്കിയില്ല. വരവൂർ പഞ്ചായത്തിലെ ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ 1890 വോട്ടിന്റെ മുൻതൂക്കം നേടി മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ കരുത്തുകാട്ടി. 2016-2021ൽ ചേലക്കരയെ പ്രതിനിധീകരിച്ചിരുന്ന പ്രദീപ് പിന്നീട് കെ.രാധാകൃഷ്ണനായി മണ്ഡലം ഒഴിയുകയായിരുന്നു. 2,13,103 ആയിരുന്നു ആകെ വോട്ട്. പോൾ ചെയ്തത് 1,56,56.
വിജയിച്ചെങ്കിലും എൽ.ഡി.എഫിന് ഭൂരിപക്ഷം കുത്തനെ കുറഞ്ഞത് ക്ഷീണമായിട്ടുമുണ്ട്. 39,400 എന്നതിൽ നിന്നാണ് 12,201ലേക്ക് കൂപ്പു കുത്തിയത്. അതേസമയം ഏതാനും മാസം മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ.ഡി.എഫ് വിജയിച്ച ഏക മണ്ഡലമായ ആലത്തൂരിൽ ഉൾപ്പെടുന്ന ചേലക്കരയിൽ രാധാകൃഷ്ണന് ലഭിച്ചത് 5073 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. അത് മറികടന്ന് ഇരട്ടിയിലധികം വോട്ട് നേടാനായെന്നതിൽ ആശ്വസിക്കാം.
പ്രതീക്ഷിച്ചത് കിട്ടാതെ
യു .ഡി.എഫ്
എല്ലാ തലമുതിർന്ന നേതാക്കളടക്കം പ്രചാരണ രംഗത്തിറങ്ങിയെങ്കിലും ചേലക്കരയിൽ പ്രതീക്ഷിച്ചത് രീതിയിൽ യു.ഡി.എഫിനെ കനിഞ്ഞില്ല. ഭരണവിരുദ്ധ വികാരം അടക്കം ഉന്നയിച്ചെങ്കിലും വോട്ടാക്കി മാറ്റാൻ മാത്രം യു.ഡി.എഫിനായില്ല. സ്വന്തം പഞ്ചായത്തുകളായ പഴയന്നൂർ, കൊണ്ടാഴി, തിരുവില്വാമല പഞ്ചായത്തുകളിൽ വ്യക്തമായ നേട്ടം കൈവരിക്കാനായില്ല.
അതേസമയം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 9,564 വോട്ടിന്റെ വർദ്ധനവുണ്ടാക്കിയ എൻ.ഡി.എയ്ക്ക് ഉപതിരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൈവരിക്കാനായി. പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയേക്കാൾ മണ്ഡലത്തിൽ നിന്നുള്ളയാൾ മതിയെന്ന ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിന് അംഗീകാരമായി ഈ പ്രകടനം.
പ്രതിച്ഛായയും
അടിത്തട്ടിലെ പ്രവർത്തനവും
ചിട്ടയായ പ്രവർത്തനങ്ങളോടെ ഇടതുപക്ഷം നടത്തിയ പ്രചാരണപ്രവർത്തനങ്ങളും യു.ആർ.പ്രദീപിന്റെ പ്രതിച്ഛായയും ചേർന്ന് ചെങ്കൊടി പാറിച്ചപ്പോൾ ചേലക്കര കരുത്തോടെ ചുവക്കുകയായിരുന്നു. 2016 ൽ ചേലക്കരയുടെ സ്വന്തം കെ. രാധാകൃഷ്ണൻ മാറി പ്രദീപ് സ്ഥാനാർത്ഥിയായപ്പോൾ മണ്ഡലം പോകുമെന്ന് പ്രചാരണത്തിന് നല്ല ഭൂരിപക്ഷത്തിൽ ജയിച്ച് മറുപടി നൽകി. ചേലക്കര ടൗണും ദേശമംഗലവുമടക്കം മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങൾ പ്രളയത്തിൽ മുങ്ങിയപ്പോൾ രക്ഷപ്രവർത്തകരുടെ മുന്നിൽ പ്രദീപുണ്ടായിരുന്നു. എല്ലാ പഞ്ചായത്തിലും പൊതുവിദ്യാഭ്യാസ സൗകര്യം, അടിസ്ഥാന ചികിത്സയ്ക്കുള്ള ആരോഗ്യകേന്ദ്രങ്ങൾ തുടങ്ങിയവയിൽ ചേലക്കര മാതൃകയായി.
നിലത്തെ കുഴിയിൽ ഇലയിട്ട് ജന്മിമാർ തൊഴിലാളികൾക്ക് കഞ്ഞി കൊടുത്തതിനെ എതിർത്ത പുരോഗമനവാദിയായിരുന്നു പ്രദീപിന്റെ അച്ഛൻ പരേതനായ പാളൂർ തെക്കേപുരയ്ക്കൽ രാമൻ. കമ്യൂണിസ്റ്റ് പ്രവർത്തകനായി കർഷക തൊഴിലാളികൾക്കിടയിൽ പ്രവർത്തനം തുടർന്നു. ജീവിക്കാൻ വഴിയില്ലാതെ ചെന്നൈയിലെത്തി സൈന്യത്തിന്റെ ക്ലോത്തിംഗ് ഫാക്ടറിയിൽ തയ്യൽ തൊഴിലാളിയായി. അച്ഛൻ വിരമിച്ചതോടെ 1997 ഡിസംബറിൽ കുടുംബം നാട്ടിലേക്ക് മടങ്ങി. ജ്യേഷ്ഠൻ പ്രസാദിനെപോലെ എയർഫോഴ്സിൽ ചേരാനിരുന്ന പ്രദീപ് നാട്ടിലെത്തിയതോടെ പാർട്ടിയിൽ സജീവമാകുകയായിരുന്നു.
തുടക്കം പഞ്ചായത്തിൽ
27-ാം വയസിലാണ് യു.ആർ പ്രദീപ് ദേശമംഗലം പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, എം.എൽ.എ, കേരള സ്റ്റേറ്റ് പട്ടികജാതി - വർഗ വികസന കോർപറേഷൻ ചെയർമാൻ എന്നിങ്ങനെ പടിപടിയായി വളർച്ച. 2000-2005ൽ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള പുരസ്‌കാരത്തിന് അർഹത നേടി. ഒപ്പം പഞ്ചായത്തിൽ തുടർഭരണവുമുണ്ടായി. 2005-10വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റായി. 2009-11ൽ ദേശമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി. 2015ൽ വീണ്ടും ദേശമംഗലം പഞ്ചായത്ത് അംഗമായിരിക്കേയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. 2016 മുതൽ 2021 വരെ എം.എൽ.എയായി. സംസ്ഥാന പട്ടിക ജാതി- വർഗ വികസന കോർപറേഷനെ ലാഭത്തിലാക്കി. 2023-24 വർഷത്തിൽ 10 കോടിയാണ് ലാഭവിഹിതം. സി.പി.എം. വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി അംഗമാണ്. കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗവും പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗവുമാണ്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി.ബി.എ. ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തരബിരുദ ഡിപ്ലോമയും നേടിയിട്ടുണ്ട് .