ldf
1

തൃശൂർ: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിലെ ചില പഞ്ചായത്തുകളിൽ നടത്തിയ മുന്നേറ്റം പോലും നിലനിറുത്താനാകാതെ യു.ഡി.എഫ്. ഇടതു കോട്ടയെന്നറിയപ്പെടുന്ന ചേലക്കര മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിൽ ലോക്‌സഭാ സ്ഥാനാർത്ഥിയായിരുന്ന രമ്യ ഹരിദാസ് നടത്തിയ മുന്നേറ്റമാണ് വീണ്ടും മത്സരിപ്പിക്കാൻ കാരണം.
എന്നാൽ ഈ പ്രതീക്ഷയും കോൺഗ്രസിന് തുണയായില്ല. ചേലക്കര മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ. പ്രദീപ് തന്നെ മുന്നിലെത്തി. 2024ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിലെ ചേലക്കര, മുള്ളൂർക്കര, പഴയന്നൂർ പഞ്ചായത്തിലാണ് രമ്യ ഹരിദാസിന് ലീഡുണ്ടായിരുന്നത്. ചെറിയ ഭൂരിപക്ഷമാണെങ്കിൽ പോലും സി.പി.എമ്മിന്റെ ശക്തമായ കോട്ടയായ ഈ പഞ്ചായത്തിൽ വിള്ളൽ വീണത് എൽ.ഡി.എഫിനും ചങ്കിടിപ്പേറ്റി.

പിന്നിൽപോയ ഈ മൂന്ന് പഞ്ചായത്തിലും പ്രത്യേക കുടുംബയോഗങ്ങളും മറ്റും നടത്തിയാണ് സി.പി.എം തിരിച്ചുപിടിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചേലക്കര പഞ്ചായത്തിൽ എൽ.ഡി.എഫിന് 6,949 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നതാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 367 വോട്ടാക്കി മാറ്റിയത്. ചെറിയ ഭൂരിപക്ഷമാണെങ്കിലും കോട്ടകൾ പൊളിയുമോയെന്ന സംശയം എൽ.ഡി.എഫ് ക്യാമ്പിൽ ബലപ്പെട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത് പോലെയല്ല വോട്ടർമാർ നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്ന് വീണ്ടും ഈ തിരഞ്ഞെടുപ്പും തെളിയിച്ചു.