കോലഴി : കൊടുങ്ങല്ലൂർ - ഷൊർണൂർ സംസ്ഥാനപാതയിൽ കോലഴി മേഖലയിൽ വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങൾക്ക് പരിഹാരം കാണാനായി റോഡ് സുരക്ഷാസമിതി യോഗ തീരുമാനപ്രകാരമുള്ള റോഡ് സുരക്ഷാ പ്രവൃത്തികൾക്ക് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ തുടക്കം. ട്രാഫിക് സേഫ്‌റ്റി സമിതിയുടെ പൊതുവായ നിർദ്ദേശം പരിഗണിച്ചും വടക്കാഞ്ചേരി എം.എൽ.എയുടെ പ്രത്യേക ശുപാർശ പ്രകാരവും റോഡ് സുരക്ഷാ പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിന് 25 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. റോഡിന് പരമാവധി വീതി ലഭിക്കത്തക്ക രീതിയിൽ മാർജിനുകൾ കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോൾ ആരംഭിച്ചതെന്നും,റോഡ് സുരക്ഷാ കമ്മിറ്റി നിർദ്ദേശപ്രകാരമുള്ള മുഴുവൻ ജോലികളും സമയബന്ധിതമായി പൂർത്തിയാക്കി റോഡപകടം ഒഴിവാക്കുന്നതിന് സഹായകരമാകുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.