cpm
1

കൊടുങ്ങല്ലൂർ : ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തീകരിച്ച് ലോക്കൽ സമ്മേളനങ്ങളിലേക്ക് നീങ്ങുന്നതിനിടെ സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി, സി.പി.എം നേതാവിനെതിരെയുണ്ടായ നടപടി രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. ഏരിയാ കമ്മിറ്റി അംഗം കൂടിയായ സി.പി.എം എടവിലങ്ങ് ലോക്കൽ സെക്രട്ടറി സി.എം. ഷെഫീറിനെതിരെയുണ്ടായ പാർട്ടി നടപടിയാണ് ചർച്ചയ്ക്കാധാരം. എടവിലങ്ങ് ലോക്കൽ കമ്മിറ്റിയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ പിഴവും അശ്രദ്ധയും ഉണ്ടായെന്ന് പാർട്ടി നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷെഫീറിനെ പാർട്ടി ഏരിയ കമ്മിറ്റി താക്കീത് ചെയ്യാൻ തീരുമാനിച്ചത്. ഇക്കാര്യം ലോക്കൽ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യാനും തീരുമാനിച്ചിരുന്നു. കഴിഞ്ഞ മേയ് മാസത്തിൽ ജില്ലാ സെക്രട്ടറി ഉൾപ്പെടെ നാല് സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുത്ത ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. ഈ യോഗത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ്കൂടിയായ പാർട്ടി എടവിലങ്ങ് സെന്റർ ബ്രാഞ്ച് അംഗം എ.പി. ആദർശിനെ പാർട്ടി അംഗത്വത്തിൽ നിലനിറുത്താനും തീരുമാനമെടുത്തിരുന്നു. എന്നാൽ ഈ തീരുമാനം അട്ടിമറിക്കുകയാണുണ്ടായതെന്ന് സി.പി.എമ്മിലെ തന്നെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. തീരുമാനം ബ്രാഞ്ച് സമ്മേളനങ്ങളിൽ റിപ്പോർട്ട് ചെയ്തില്ലെന്ന് മാത്രമല്ല അംഗത്വത്തിൽ നിലനിറുത്താൻ നിർദ്ദേശിച്ചയാളെ സസ്‌പെൻഡ് ചെയ്യുകയാണുണ്ടായതത്രേ. എടവിലങ്ങ് ലോക്കൽ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായിരിക്കെ വിഷയം പാർട്ടിക്കകത്തും പുറത്തും പുകയുകയാണ്.