തൃശൂർ: ചെറുതുരുത്തി ഗവ.ഹയർ സെക്കഡറി സ്‌കൂൾ പരിസരത്ത് രാവിലെ എട്ട് മുതൽ ആകാംക്ഷയുടെ നിമിഷങ്ങൾ. സ്‌കൂൾ പരിസരത്ത് രാവിലെ ഏതാനും എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ മാത്രം. വിജയ സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തിയിരുന്നെങ്കിലും എൽ.ഡി.എഫ് പ്രവർത്തകരിൽ നേരിയ ആശങ്ക. 8.10 ഓടെ എണ്ണിത്തുടങ്ങിയ തപാൽ വോട്ടുകളുടെ ആദ്യഫലം എട്ടേകാലോടെ എൽ.ഡി.എഫിന് അനുകൂലം. പോസ്റ്റൽ വോട്ടിൽ സാധാരണ എൽ.ഡി.എഫിനായിരിക്കുമെന്ന വിലയിരുത്തലിൽ യു.ഡി.എഫ് പ്രവർത്തകരെത്തുന്നു. ഇതിനിടെ ഇ.വി.എം മെഷീനുകൾ എണ്ണി തുടങ്ങി. ഇതോടെ പ്രദീപിന്റെ ലീഡ് നില ഉയരാൻ തുടങ്ങി. ആദ്യമെണ്ണുന്നത് എൽ.ഡി.എഫ് അനുകൂല പഞ്ചായത്താണെന്നായി യു.ഡി.എഫ് പ്രവർത്തകർ.
ഇതിനിടെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് കോഴിമാംപറമ്പ് ക്ഷേത്രത്തിലെ ദർശന ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിലേക്കെത്തി. തുടർന്ന് ഓരോ റൗണ്ടിന് ശേഷവും ഭൂരിപക്ഷം ക്രമാതീതമായി ഉയർന്നു. ഇതോടെ അപകടം മണത്ത യു.ഡി.എഫ് പ്രവർത്തകർ ഉൾവലിഞ്ഞു. ഭൂരിപക്ഷത്തിൽ ട്രെൻഡ് പ്രകടമായതോടെ എൽ.ഡി.എഫ് പ്രവർത്തകർ പാർട്ടി ഓഫീസിൽ നിന്നും വീടുകളിൽ നിന്നും ആഹ്ലാദ പ്രകടനവുമായി പുറത്തിറങ്ങി.
മൂന്നാം റൗണ്ടിൽ തെരുവിലേക്ക്
മൂന്നാം റൗണ്ടിൽ ഭൂരിപക്ഷം അയ്യായിരം കടന്നതോടെ എൽ.ഡി.എഫ് പ്രവർത്തകർ ആഹ്‌ളാദവുമായി തെരുവിലെത്തി. അഞ്ച് റൗണ്ട് പിന്നിട്ടപ്പോഴേക്കും സംശയത്തിനിടയില്ലാത്ത വിധം പ്രദീപ് മുന്നേറി. ഇതോടെ സ്‌കൂൾ പരിസരം പ്രവർത്തകരാൽ നിറഞ്ഞു. കെ.രാധാകൃഷ്ണൻ എം.പിയും ഓഫീസിലെത്തിയതോടെ ആവേശം കത്തിക്കയറി. ഒരു ഭാഗത്ത് പായസ വിതരണവും ലഡു വിതരണവും ആരംഭിച്ചു. പ്രാദേശിക നേതാക്കളുടെ ആദ്യ പ്രകടനം ഇതിനകം ചെറുതുരുത്തിയിൽ നിന്നാരംഭിച്ചു. മന്ത്രി കെ.രാജൻ അടക്കമുള്ള നേതാക്കളും ചെറുതുരുത്തിയിലെത്തി.
കത്തിക്കയറി ആവേശം
വോട്ടെണ്ണലിന്റെ ആരംഭത്തിൽ സ്‌കൂൾ പരിസരത്തെത്തിയ യു.ആർ.പ്രദീപ് പ്രവർത്തകരെ കണ്ട ശേഷം പാർട്ടി ഓഫീസിലേക്ക് മടങ്ങി. പിന്നീട് ഇവിടെ ഇരുന്നായിരുന്നു വോട്ടെണ്ണൽ നിരീക്ഷിച്ചത്. ലീഡ് നില ഉയർന്നതോടെ പ്രവർത്തകർ പാർട്ടി ഓഫീസിലേക്ക് എത്തിത്തുടങ്ങി. എതിരാളിക്ക് തിരിച്ചുവരാനാകാത്ത വിധം ലീഡ് ഉയർന്നതോടെ സ്ഥാനാർത്ഥിയെ അനുമോദിക്കാൻ കെ.രാധാകൃഷ്ണൻ എം.പി ഓഫീസിലെത്തി. വിജയ പ്രഖ്യാപനം വന്നതോടെ നേതാക്കൾ പ്രവർത്തകർക്കൊപ്പം ചെറുത്തുരുത്തി നഗരം കീഴടക്കി ആഹ്‌ളാദ പ്രകടനവുമായി തെരുവിലേക്ക്.